എംജി സർവകലാശാല ബിരുദ ഏകജാലക പ്രവേശനം: ഡിജിറ്റൽ സാക്ഷ്യപത്രങ്ങൾ അപ്ലോഡ് ചെയ്യണം
Tuesday, August 11, 2020 12:45 AM IST
കോട്ടയം: എംജി സർവകലാശാ ല ബിരുദ പ്രവേശനത്തിന് ഏകജാലകത്തിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കുന്നവർ വിവിധ ആനുകൂല്യത്തിനു പ്രോസ്പെക്്ടസിൽ നിഷ്കർഷിക്കുന്ന സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പതിപ്പ് അപ്ലോഡ് ചെയ്യണം. എൻഎസ്എസ്, എൻസിസി, വിമുക്തഭടൻ - ജവാൻ വിഭാഗങ്ങളിൽ ബോണസ് മാർക്കിന് അർഹതയുള്ളവർ അതിനാവശ്യമായ സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപ്ലോഡ് ചെയ്യണം.
പ്രോസ്പെക്്ട്സിൽ നിഷ്കർഷിക്കുന്ന സാക്ഷ്യപത്രങ്ങൾക്ക് പകരം മറ്റുരേഖകളുടെ പകർപ്പുകൾ അപ്ലോഡ് ചെയ്താൽ അപേക്ഷ നിരസിക്കപ്പെട്ടേക്കാം. പ്രോസ്പെക്്ടസിൽ നിഷ്കർഷിച്ച സാക്ഷ്യപത്രങ്ങളുടെ ഡിജിറ്റൽ പകർപ്പ് അപ്ലോഡ് ചെയ്യാൻ ശ്രദ്ധിക്കണം. എസ്ഇബിസി, ഒബിസി വിഭാഗത്തിൽപ്പെട്ടവർ സംവരണ ആനുകൂല്യത്തിനായി നോണ്‍ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പും എസ്സി, എസ്ടി വിഭാഗത്തിൽപ്പെട്ടവർ ജാതി സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പും അപ്ലോഡ് ചെയ്യണം. ഇഡബ്ല്യുഎസ് വിഭാഗത്തിൽ സംവരണം ആഗ്രഹിക്കുന്നവർ വില്ലേജ് ഓഫീസറിൽ നിന്നുള്ള ഇൻകം ആൻഡ് അസറ്റ് സർട്ടിഫിക്കറ്റിന്റെ ഡിജിറ്റൽ പകർപ്പ് അപ്ലോഡ് ചെയ്യണം.
എൻസിസി യുമായി ബന്ധപ്പെട്ട ബോണസ് മാർക്കിന് സ്കൗട്സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പോലീസ് എന്നിവയിലെ പ്രവർത്തനത്തിന് ലഭിക്കുന്ന സാക്ഷ്യപത്രങ്ങൾ പരിഗണിക്കില്ല.
വിമുക്തഭടൻ വിഭാഗത്തിൽ ബോണസ് മാർക്കിനു അർഹതയുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസറിൽ നിന്നു ലഭിക്കുന്ന സാക്ഷ്യപത്രത്തിന്റെ ഡിജിറ്റൽ പകർപ്പ് അപ്ലോഡ് ചെയ്യണം. ഈ ആനുകൂല്യം കര-നാവിക-വ്യോമസേന വിഭാഗങ്ങളിൽ ജോലി ചെയ്യുന്നവർക്കും വിരമിച്ചവർക്കും സേനാംഗങ്ങളുടെ മക്കൾക്കും മാത്രമേ ലഭ്യമാകൂ.