സ്വാതന്ത്ര്യദിനാഘോഷം ചുരുങ്ങും; പൊതുജനങ്ങളെ പ്രവേശിപ്പിക്കില്ല
Saturday, August 8, 2020 1:13 AM IST
തിരുവനന്തപുരം: കോവിഡ് നിയന്ത്രണം നിലനിൽക്കുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 15ലെ സ്വാതന്ത്ര്യ ദിനാഘോഷം ചുരുങ്ങും. തലസ്ഥാനത്ത് പോലീസ്, പാരാമിലിറ്ററി സേനാംഗങ്ങളുടെ ഏഴു പ്ലറ്റൂണുകൾ മാത്രമേ പങ്കെടുക്കൂ. കഴിഞ്ഞ വർഷങ്ങളിൽ 24 പ്ലറ്റൂണുകൾ വരെ പങ്കെടുത്തിരുന്നു. ജില്ലാ ആസ്ഥാനങ്ങളിൽ മൂന്നു മുതൽ അഞ്ചു വരെ പ്ലറ്റൂണുകൾ മാത്രമാകും ഉണ്ടാകുക. മാർച്ച്പാസ്റ്റ് ഉണ്ടാവില്ല. പൊതുജനങ്ങൾക്കു പ്രവേശനമുണ്ടാവില്ല.
രാവിലെ ഒൻപതിനു ശേഷമാണു സ്വാതന്ത്ര്യദിനാഘോഷം തുടങ്ങുക.
കോവിഡ് പ്രതിരോധ രംഗത്തുള്ള ഡോക്ടർമാർ, ആരോഗ്യപ്രവർത്തകർ, സാനിറ്റേഷൻ ജീവനക്കാർ തുടങ്ങിയവരുടെ പ്രതിനിധികളെ പ്രത്യേക അതിഥികളായി ക്ഷണിക്കും. മെഡൽ വിതരണവും ഉണ്ടാകില്ല. ആഘോഷങ്ങൾ വെബ്കാസ്റ്റ് ചെയ്യണമെന്നു കേന്ദ്രം നിർദേശിച്ചിട്ടുണ്ട്.