102 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഇന്ന് മുഖ്യമന്ത്രി നാടിനു സമര്‍പ്പിക്കും
Monday, August 3, 2020 12:37 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 10.30ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും. ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥർ എന്നിവര്‍ ഓണ്‍ലൈന്‍ മുഖേന പങ്കെടുക്കും.
കോവിഡ് പ്രതിരോധത്തിലുള്‍പ്പെടെ ജനകീയ ആരോഗ്യം സംരക്ഷിക്കുന്നതിന് കുടുംബാരോഗ്യ കേന്ദ്രങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്ന് മന്ത്രി കെ.കെ. ശൈലജ വ്യക്തമാക്കി. നവകേരളം കര്‍മ്മ പദ്ധതിയുടെ ഭാഗമായി ഈ സര്‍ക്കാര്‍ ആവിഷ്ക്കരിച്ച ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്. ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയത്.
രണ്ടാം ഘട്ടത്തില്‍ 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തെരഞ്ഞെടുത്തിരുന്നു. ഇതില്‍ 164 കേന്ദ്രങ്ങളുടെ നിര്‍മാണം പൂര്‍ത്തിയാവുകയും ബാക്കിയുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുകയും ചെയ്യുന്നു. രണ്ടാം ഘട്ടത്തില്‍ നിര്‍മാണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് നടക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ജനങ്ങള്‍ക്ക് പ്രാദേശിക തലത്തില്‍ മികച്ച സൗകര്യങ്ങളോടെ രോഗീ സൗഹൃദ ചികിത്സാ സൗകര്യങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ ലക്ഷ്യം വയ്ക്കുന്നത്.