യുഎഇ കോണ്‍സുലേറ്റിലെ ഉന്നതരുമായി സ്വപ്ന ഫോണിൽ ബന്ധപ്പെട്ടതിനും രേഖ
Wednesday, July 15, 2020 12:44 AM IST
തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റിലെ കോണ്‍സുലേറ്റ് ജനറലുമായും അറ്റാഷെയുമായും സ്വർണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന സുരേഷും സരിത്തും നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതിനും തെളിവ്. നയതന്ത്ര ബാഗേജിൽ സ്വർണം എത്തിയ ശേഷവും കോണ്‍സുലേറ്റ് ഉന്നതരുമായി സ്വപ്നയും സരിത്തും ബന്ധപ്പെട്ടതിന്റെ രേഖകളും ഉയർന്നു വന്ന ഫോണ്‍ പട്ടികയിൽ ഉണ്ട്.
ജൂലൈ മൂന്നിനു സരിത്ത് എംബസി ഡ്രൈവറെയും അറ്റാഷെയെയും വിളിച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് ഏപ്രിൽ മുതൽ ജൂലൈ അഞ്ചുവരെയുളള കാലയളവിനുള്ളിൽ 20 തവണയാണ് യുഎഇ കോണ്‍സുലേറ്റ് ജനറൽ ജമാൽ ഹുസൈൻ അൽ സാബിയുമായി സംസാരിച്ചതായും ഫോണ്‍ രേഖകൾ വ്യക്തമാക്കുന്നു.
ബാഗേജ് തുറന്നു പരിശോധിച്ചതു വഴി കസ്റ്റംസ് സ്വർണം പിടികൂടിയ ജൂലൈ അഞ്ചിന് രാവിലെ 11.43, 11.58, ഉച്ചയ്ക്ക് 12.23 എന്നീ സമയങ്ങളിൽ കോണ്‍സുലേറ്റ് ജനറൽ സ്വപ്നയെ വിളിച്ചതായും പുറത്തു വന്ന ഫോണ്‍ രേഖകൾ വ്യക്തമാക്കുന്നു.