സ്വപ്നയുടെ ബന്ധുവിന്റെ വിവാഹപാർട്ടിയിൽ ഉന്നതരും സ്വർണക്കടത്ത് ബന്ധമുള്ളവരും
Saturday, July 11, 2020 1:25 AM IST
തിരുവനന്തപുരം: സ്വപ്ന സുരേഷിന്റെ അടുത്ത ബന്ധുവിന്റെ വിവാഹ സത്കാരപാർട്ടിയിൽ ഉന്നതരും സ്വർണക്കടത്തുമായി ബന്ധമുള്ളവരും പങ്കെടുത്തതായി ആരോപണം. ദൃശ്യങ്ങൾ കസ്റ്റംസ് അധികൃതർ ശേഖരിച്ചു.
സ്വപ്നാ സുരേഷ് യുവാവിനെ കൈയേറ്റം ചെയ്യുന്ന ദൃശ്യങ്ങൾ ചാനലുകൾ പുറത്തു വിട്ടു. കഴിഞ്ഞ വർഷം ഡിസംബറിൽ സ്വപ്നയുടെ അടുത്ത ബന്ധുവിന്റെ വിവാഹ സത്കാര പാർട്ടിയിലാണു കൈയേറ്റം നടന്നത്. ബന്ധുവിന്റെ വിവാഹാലോചനകൾ മുടക്കാൻ യുവാവ് ശ്രമിച്ചതിലുള്ള വിരോധമാണ് മർദിക്കാൻ കാരണമെന്നാണ് അറിയുന്നത്.
ഈ വിവാഹ സത്കാര പാർട്ടിയിൽ കൈയേറ്റത്തിനിരയായ യുവാവ് പരാതിയൊന്നും ഇതുവരെ നൽകിയിട്ടില്ല. സ്വപ്നയുടെ അടുത്ത ബന്ധുവിന്റെ വിവാഹപാർട്ടി നടന്നത് പ്രമുഖ ഹോട്ടലിൽ വച്ചായിരുന്നു. ഈ വിവാഹ പാർട്ടിയിൽ പല ഉന്നത ഉദ്യോഗസ്ഥരുടെയും നേരത്തെ സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നവരുടെ സാന്നിധ്യം ഉണ്ടായിരുന്നു. ഇതേ തുടർന്നാണ് കസ്റ്റംസ് അധികൃതർ ഈ ദൃശ്യങ്ങൾ ശേഖരിച്ചത്.