ചീഫ് സെക്രട്ടറിയുടെ ഡ്രൈവർക്കു കോവിഡ്
Friday, July 10, 2020 12:52 AM IST
തിരുവനന്തപുരം: ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെ ഡ്രൈവർക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം വേങ്ങോട് സ്വദേശിയായ നാൽപ്പതുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ നാലു വരെ ഇദ്ദേഹം ചീഫ് സെക്രട്ടറിയുടെ ഡ്രൈവറായി സെക്രട്ടേറിയറ്റിൽ ജോലി ചെയ്തിരുന്നു.
ഡ്രൈവർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു നടത്തിയ ചീഫ് സെക്രട്ടറിയുടെ പ്രാഥമിക സ്രവ പരിശോധനാഫലം നെഗറ്റീവാണ്. ഡ്രൈവർക്കു രോഗബാധ സ്ഥിരീകരിച്ചപ്പോൾതന്നെ മെഡിക്കൽ കോളജിലെ ആരോഗ്യ സംഘം ചീഫ് സെക്രട്ടറിയുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു. ഈ പരിശോധനാഫലമാണ് ഇന്നലെ നെഗറ്റീവായത്. ഡ്രൈവർക്കു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു ചീഫ് സെക്രട്ടറിയെ പ്രാഥമിക സന്പർക്കപ്പട്ടികയിൽ പെടുത്തി. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും റവന്യുമന്ത്രിയും ഡിജിപിയും അടക്കമുള്ളവർ രണ്ടാം സന്പർക്കപ്പട്ടികയിലുണ്ട്.