പാഠഭാഗങ്ങള്‍ ഒഴിവാക്കാനുള്ള നീക്കം ഞെട്ടിക്കുന്നത്: ഐക്യ ജാഗ്രതാ കമ്മീഷന്
Friday, July 10, 2020 12:38 AM IST
കൊച്ചി: ദേശീയതയും പൗരബോധവും സംബന്ധിച്ചു പാഠഭാഗങ്ങള്‍ സിലബസില്‍നിന്ന് ഒഴിവാക്കാനുള്ള സിബിഎസ്ഇ നീക്കം ഞെട്ടിക്കുന്നതെന്നു കെസിബിസി ഐക്യജാഗ്രതാ കമ്മീഷന്.
വിദ്യാഭ്യാസമെന്നാല്‍ യുവതലമുറയുടെ ഉദ്ബോധന പ്രക്രിയയാണ്. സോഷ്യല്‍ മീഡിയയില്‍ ഇന്നു നടന്നുവരുന്ന ആസൂത്രിതമായ പ്രചാരണങ്ങള്‍ കൗമാരപ്രായം മുതലുള്ള കുട്ടികളുടെ ദേശീയതാ ബോധത്തെയും പൗരബോധത്തെയുംതന്നെ നിഷേധാത്മകമായി സ്വാധീനിക്കുന്നുണ്ട്. ഈ കാലഘട്ടത്തില്‍ പക്വമായ അവബോധം കുട്ടികള്‍ക്ക് നല്‍കേണ്ട ബാധ്യത എഡ്യൂക്കേഷണല്‍ ബോര്‍ഡുകള്‍ക്കുണ്ട്.
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കുട്ടികളുടെ പഠനഭാരം കുറയ്ക്കുന്നതിന്റെ ഭാഗമായാണു താരതമ്യേന അപ്രധാനമെന്ന് ഉത്തരവാദിത്തപ്പെട്ടവര്‍ വിലയിരുത്തിയ ചില വിഷയങ്ങള്‍ ഒമ്പതു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളുടെ വിവിധ പാഠ പുസ്തകങ്ങളിൽനിന്ന് നീക്കം ചെയ്യാന്‍ നിര്‍ദേശിക്കപ്പെട്ടിരിക്കുന്നത്. അതില്‍, സാമൂഹ്യശാസ്ത്രം, പൊളിറ്റിക്കല്‍ സയന്‍സ്, ചരിത്രം, എക്കണോമിക്സ് തുടങ്ങിയ വിഷയങ്ങളില്‍നിന്നു തന്ത്രപ്രധാനമായ ചില ഭാഗങ്ങള്‍ ഒഴിവാക്കുന്നത് ദുരുദ്ദേശ്യപരമാണെന്നു പറയാൻകഴിയില്ല്ല.
പൗരത്വം, ദേശീയത, ഇന്ത്യയുടെ ഭരണഘടന, ജനാധിപത്യവും അതിന്റെ വൈവിധ്യങ്ങളും, മതേതരത്വം, ജനാധിപത്യ അവകാശങ്ങള്‍, ജനകീയ പോരാട്ടങ്ങളും മുന്നേറ്റങ്ങളും തുടങ്ങിയ വിഷയങ്ങള്‍ നീക്കം ചെയ്യുന്നത് ഒരു തലമുറയുടെ പക്വമായ ജനാധിപത്യബോധത്തെ ഇല്ലാതാക്കാന്‍ കൂടിയാണെന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഭാരതത്തില്‍ ഇന്നു നടപ്പായിക്കൊണ്ടിരിക്കുന്ന വര്‍ഗീയ അജണ്ടകളുടെ ഭാഗമാണ് ഈ നീക്കം ചെയ്യല്‍ എന്നുവേണം കരുതാന്‍. ജനാധിപത്യബോധമുള്ള പൗരസമൂഹം ഇക്കാര്യത്തില്‍ ഒറ്റക്കെട്ടായി പ്രതിഷേധിക്കേണ്ടത് ആവശ്യമാണെന്നും കമ്മീഷന് പ്രസ്താവനയില്‍ പറഞ്ഞു.