കുഴഞ്ഞുവീണു മരിച്ച വീട്ടമ്മയ്ക്കു കോവിഡ്
Friday, July 10, 2020 12:37 AM IST
അരിന്പൂർ(തൃശൂർ): ക്വാറന്റൈനിലിരുന്ന മകൾക്കു കൂട്ടിരിക്കെ കുഴഞ്ഞുവീണു മരിച്ച വീട്ടമ്മയ്ക്കു കോവിഡ്. തിങ്കളാഴ്ച മരിച്ച കിഴക്കേപരയ്ക്കാട് വടക്കേ പുരയ്ക്കൽ വിശ്വംഭരന്റെ ഭാര്യ വത്സല(63)യ്ക്കാണ് കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവായത്.
ഗുരുവായൂർ കെഎസ്ആർടിസി ഡിപ്പോയിലെ കണ്ടക്ടർക്കു കോവിഡ് പോസിറ്റീവായതോടെ ഇതേ ബസിൽ യാത്രക്കാരിയായിരുന്ന വത്സലയുടെ മകൾ പരയ്ക്കാടുള്ള വീട്ടിൽ ക്വാറന്റൈനിൽ കഴിഞ്ഞുവരികയായിരുന്നു. മകൾക്കു കൂട്ടിരിക്കേയാണ് വത്സല കുഴഞ്ഞുവീണത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മരണത്തെതുടർന്ന് കോവിഡ് പരിശോധന നടത്തി. ആദ്യഫലം നെഗറ്റീവായിരുന്നു. തുടർന്ന് അന്തിക്കാട് പോലീസിന്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തുകയും മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടത്തുകയും ചെയ്തിരുന്നു. വീണ്ടും നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവ് ആയത്.സംസ്കാരം ചൊവ്വാഴ്ച വടൂക്കര ശ്മശാനത്തിൽ നടത്തി.