സ്വപ്ന ഒളിവിൽത്തന്നെ; ഫ്ളാറ്റിൽ വീണ്ടും റെയ്ഡ്
Wednesday, July 8, 2020 1:02 AM IST
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ മുഖ്യ ആസൂത്രക സ്വപ്ന സുരേഷിന്റെ അന്പലമുക്കിലെ വീട്ടിൽ കസ്റ്റംസ് ഇന്നലെ വീണ്ടും റെയ്ഡ് നടത്തി.
കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ കണ്ടെടുത്തിരുന്നു.ഇന്നലെ നടത്തിയ പരിശോധനയിൽ പെൻഡ്രൈവും ലാപ്പ് ടോപ്പും ബാങ്ക് രേഖകളും കസ്റ്റംസ് സംഘം പിടിച്ചെടുത്തു. ഫ്ളാറ്റിലെ സിസിടിവി ദൃശ്യങ്ങളും അന്വേഷണസംഘം വിശദമായി പരിശോധിച്ചു.
അതേസമയം, സ്വപ്ന സുരേഷിനെ ഇതുവരെയും പിടികൂടാൻ അന്വേഷണ സംഘത്തിനു കഴിഞ്ഞിട്ടില്ല. ഒളിവിൽ തുടരുന്ന പശ്ചാത്തലത്തിൽ സ്വപ്നയെ കണ്ടെത്താനുള്ള അന്വേഷണം ഊർജിതമാക്കി.

ചില ഉന്നതരുടെ സഹായത്തോടെയാണ് സ്വപ്ന ഒളിവിൽ പോയിരിക്കുന്നതെന്നാണു നിഗമനം. രണ്ടു ദിവസം മുൻപ് സ്വപ്ന അന്പലമുക്കിലെ ഫ്ളാറ്റിൽ എത്തിയിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്.
ഡിപ്ലോമാറ്റിക് ബാഗേജ് പരിശോധിക്കണമെന്ന് അന്വേഷണ സംഘം കോണ്‍സുലേറ്റിനെ അറിയിച്ചിരുന്നു. ഈ വിവരം ചോർന്നു കിട്ടിയെന്നും അപകടം മനസിലാക്കി സ്വപ്ന ഒളിവിൽ പോവുകയുമായിരുന്നെന്നുമാണ് അന്വേഷണസംഘം കരുതുന്നത്. ഇന്നലെ ഉച്ചയോടെയാണു പരിശോധന ആരംഭിച്ചത്. ഡെ പ്യൂട്ടി കമ്മീഷണറടക്കം അഞ്ച് ഉദ്യോഗസ്ഥരാണ് സംഘത്തിലുണ്ടായിരുന്നത്. ഫ്ളാറ്റിലെ സന്ദർശകരുടെ പട്ടികയടക്കം ഇവർ പരിശോധിച്ചു. ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരുടെയും കെയർ ടേക്കറുടെയും മൊഴിയെടുക്കുകയും ചെയ്തു.