സ്വർണക്കടത്തു കേസിൽ സമഗ്രാന്വേഷണം വേണമെന്നു കോടിയേരി ബാലകൃഷ്ണൻ
Wednesday, July 8, 2020 1:01 AM IST
തിരുവനന്തപുരം: സ്വർണക്കടത്തു കേസിൽ സമഗ്രാന്വേഷണം വേണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. തെറ്റു ചെയ്തവർ ആരായിരുന്നാലും രക്ഷപ്പെടാൻ പോകുന്നില്ല. അതിനനുസൃതമായ നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ആർക്കും എൽഡിഎഫിന്റെയോ സർക്കാരിന്റെയോ ഒരു സഹായവും ലഭിക്കുകയില്ല. ഇതു സംബന്ധിച്ച് ചില കേന്ദ്രങ്ങൾ പാർട്ടിക്കെതിരെ നടത്തുന്ന പ്രചാരണങ്ങൾക്കു യാതൊരുവിധ അടിസ്ഥാനവുമില്ല. ഇത് രാഷ്ട്രീയമായ ദുരാരോപണങ്ങൾ മാത്രമാണ്. ഇപ്പോൾ അന്വേഷണം നടത്തിക്കൊണ്ടിരിക്കുന്ന കേന്ദ്ര ഏജൻസിയായ കസ്റ്റംസ് എല്ലാ വസ്തുതകളും പുറത്തുകൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും കോടിയേരി പറഞ്ഞു.