ഉത്പാദനമേഖലയെ ചൈന നയിക്കും: ശശി തരൂർ
Saturday, June 6, 2020 12:28 AM IST
കൊച്ചി: പ്രമുഖരാജ്യങ്ങൾ ചൈനയുമായി വ്യാപാരബന്ധം ഉപേക്ഷിച്ചെങ്കിലും ചൈന തന്നെയാകും ഉത്പാദനമേഖലയിൽ ലോകരാജ്യങ്ങളെ നയിക്കുകയെന്നു ശശി തരൂർ എംപി. ക്രെഡായ് സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിവിധ രാജ്യങ്ങൾ ചൈനയുമായുള്ള വ്യാപാരബന്ധം വിച്ഛേദിച്ചതു മുതലെടുക്കാൻ ഇന്ത്യക്കു കഴിയണം. കഴിഞ്ഞ ഒരുവർഷം 53 കന്പനികൾ ചൈന വിട്ടപ്പോൾ അതിൽ വെറും മൂന്നു കന്പനികൾ മാത്രമാണ് ഇന്ത്യയിൽ താത്പര്യം പ്രകടിപ്പിച്ചത്.
കോവിഡിനുശേഷം മനുഷ്യരുടെ ജീവിത ശൈലിയിലും റിയൽ എസ്റ്റേറ്റ് മേഖലയിലും ഗൗരവതരമായ മാറ്റങ്ങൾ വരും. 600 ദശലക്ഷം ജനങ്ങളെ കോവിഡ് പട്ടിണിയിലേക്കു തള്ളിവിടും. രാജ്യത്ത് സന്പൂർണ അടച്ചുപൂട്ടൽ പ്രഖ്യാപിക്കുന്നതിന് മുൻപ് ജനങ്ങൾക്ക് ആവശ്യമായ മുന്നൊരുക്കം നടത്താൻ സമയം നൽകിയില്ലെന്നും തരൂർ പറഞ്ഞു. ക്രെഡായ് വൈസ് പ്രസിഡന്റ് ബൊമൻ ആർ ഇറാനി മോഡറേറ്ററായിരുന്നു.