അപകടത്തിൽ മരിച്ച കോവിഡ് പോരാളികൾക്ക് 50 ലക്ഷം
Friday, June 5, 2020 12:47 AM IST
തൃശൂർ: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ അപകടത്തിൽ മരിച്ച തൃശൂരിലെ രണ്ട് നഴ്സുമാരുടെ ആശ്രിതർക്ക് ഇൻഷ്വറൻസ് തുകയായി 50 ലക്ഷം രൂപ വീതം അനുവദിച്ചു. വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ച കുന്നംകുളം താലൂക്ക് ആശുപത്രിയി നഴ്സായിരുന്ന എ.എം. ആഷിഫ്, അന്തിക്കാട് സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ടെക്നീഷനായിരുന്ന ഡോണ ടി. വർഗീസ് എന്നിവരുടെ ആശ്രിതർക്കു തുക കൈമാറി.
പ്രധാൻമന്ത്രി ഗരീബ് കല്യാണ് പാക്കേജ് ഇൻഷ്വറൻസ് പദ്ധതിപ്രകാരമാണ് നഷ്ടപരിഹാരത്തുകയായി 50 ലക്ഷം രൂപ വീതം അനുവദിച്ചത്. സംസ്ഥാനത്ത് ആദ്യമായി അനുവദിക്കുന്ന നഷ്ടപരിഹാരത്തുകയാണിത്. ജില്ലാ കളക്ടർ എസ്. ഷാനവാസ് സമർപ്പിച്ച അപേക്ഷയെതുടർന്ന് കേന്ദ്ര ധനകാര്യ വകുപ്പ് ബന്ധപ്പെട്ടവരുടെ അക്കൗണ്ടുകളിലേക്കു തുക കൈമാറി.