പൊതുവിദ്യാഭ്യാസ വകുപ്പ് ബദൽ വിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ എണ്ണം ശേഖരിക്കുന്നു
Wednesday, June 3, 2020 11:27 PM IST
കൽപ്പറ്റ: പൊതുവിദ്യാഭ്യാസ വകുപ്പ് സംസ്ഥാനത്തെ ബദൽ വിദ്യാലയങ്ങളിലെ പഠിതാക്കളുടെ കണക്കെടുക്കുന്നു.
പഠിതാക്കളുടെ കണക്കു സമർപ്പിക്കാൻ ഇന്നലെയാണ് ജില്ലാ വിദ്യാഭ്യാസ അധികൃതർ എഇഒമാർ മുഖേന ബദൽ സ്കൂൾ അധ്യാപകർക്കു നിർദേശം നൽകിയത്. ഓണ്‍ലൈൻ ക്ലാസുമായി ബന്ധപ്പെട്ടു പൊതുവിദ്യാഭ്യാസ വകുപ്പ് ആദ്യം നടത്തിയ കണക്കെടുപ്പിൽ ബദൽ വിദ്യാലയങ്ങളെ ഉൾപ്പെടുത്തിയിരുന്നില്ല. ഒറ്റപ്പെട്ട പ്രദേശങ്ങളിലെ കുട്ടികൾക്കു പ്രാഥമിക വിദ്യാഭ്യാസം നൽകുന്നതിനായി ആരംഭിച്ചതാണ് ബദൽ സ്കൂൾ എന്ന ഏകാധ്യാപക വിദ്യാലയങ്ങൾ.
ഒന്നു മുതൽ നാലു വരെ ക്ലാസുകളാണ് ഇവിടെയുള്ളത്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകൾ ഒഴികെയുള്ള സ്ഥലങ്ങളിൽ ബദൽ സ്കൂളുകളുണ്ട്. ഇടുക്കി യിലാണ് സ്കൂളുകൾ അധികവും. നാമമാത്രമാണ് കംപ്യൂട്ടർ ഉള്ള വീടുകൾ. ടെലിവിഷൻ ചാനലിലൂടെയുള്ള ക്ലാസാണ് ബദൽ സ്കൂൾ പഠിതാക്കൾക്കു കുറച്ചെങ്കിലും പ്രയോജനപ്പെടുത്താനാകുക.