സ൪ക്കാ൪ സർവീസിൽ ഇന്നു കൂട്ടപടിയിറക്കം
Sunday, May 31, 2020 12:45 AM IST
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സർവീസിൽ നിന്ന് ഇന്നു കൂട്ട പടിയിറക്കം. 10,900 ജീവനക്കാരാണ് ഇന്നു വിവിധ സ൪ക്കാ൪ ഓഫീസുകളിൽ നിന്നു വിരമിക്കുന്നത്. ഇതോടെ കഴിഞ്ഞ മൂന്നു മാസങ്ങളിലായി 19,000 ജീവനക്കാരാണ് സംസ്ഥാന സർവീസിൽ നിന്നു വിരമിച്ചത്.
ഇതു കൂടാതെ കേന്ദ്ര സർവീസിൽ പെട്ട സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസും ഡിജിപിമാരായ ജേക്കബ് തോമസും എ. ഹേമചന്ദ്രനും എസ്പിമാ൪ അടക്കമുള്ള 18 ഉന്നത പോലീസ് ഉദ്യോഗസ്ഥരും ഇന്നു സർവീസ് ജീവിതത്തോടു ഗുഡ് ബൈ പറയും. സംസ്ഥാന സർക്കാരിന്റെ വകുപ്പുകളിൽ നിന്നായാണു പതിനായിരത്തിലേറെ ജീവനക്കാർ വിരമിക്കുന്നത്. കോവിഡ് സാമ്പത്തിക പ്രതിസന്ധിയുമായി ബന്ധപ്പെട്ടു നിലവിൽ സംസ്ഥാനത്ത് അപ്രഖ്യാപിത നിയമന നിരോധനം നിലനിൽക്കുന്നതിനാൽ പിഎസ് സി റാങ്ക് ലിസ്റ്റിൽ പെട്ട എത്രത്തോളം ഉദ്യോഗാ൪ഥികൾക്കു നിയമനം ലഭിക്കുമെന്ന കാര്യം വ്യക്തമല്ല. വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകരടക്കം 3,000 പേരാണ് വിരമിച്ചത്. പകരം നിയമന നടപടി തുടങ്ങിയതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.
ഇന്നു ഞായറാഴ്ചയായതിനാൽ വിരമിക്കുന്ന ഭൂരിഭാഗത്തിനും ലോക്ക് ഡൗൺ മാനദണ്ഡങ്ങൾ അനുസരിച്ചു കഴിഞ്ഞ ദിവസങ്ങളിൽ യാത്രയയപ്പു നൽകി.
സെക്രട്ടേറിയറ്റ്, നിയമസഭാ സെക്രട്ടേറിയറ്റ് എന്നിവിടങ്ങളിൽ നിന്നായി 122 പേരാണ് ഇന്നു വിരമിക്കുന്നത്. ഏപ്രിൽ 30നു 2,757 ജീവനക്കാരും മാർച്ചു മാസത്തിൽ 5,327 പേരും റിട്ടയർ ചെയ്തിരുന്നു.
കെ. ഇന്ദ്രജിത്ത്