യുവജനങ്ങൾ കാലത്തിനൊത്ത് ഉയരണം: മാർ ആലഞ്ചേരി
Wednesday, May 27, 2020 12:21 AM IST
കൊച്ചി: മാറ്റങ്ങളെ ശരിയായ വിധം ഉൾക്കൊണ്ടു പ്രവർത്തിക്കാൻ യുവജനങ്ങൾക്കു കഴിയണമെന്നു സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി. സീറോ മലബാർ യൂത്ത് കമ്മീഷന്റെ നേതൃത്വത്തിൽ കേരളത്തിലെ യുവജനസംഘടനാ പ്രതിനിധികൾക്കായി നടത്തപ്പെട്ട വെബ്നാറിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ പ്രളയകാലത്തു ചെയ്ത പ്രവർത്തനം ശ്രദ്ധേയമായതുപോലെ ഈ കോവിഡ് കാലത്തും ലക്ഷക്കണക്കിന് മാസ്കുകൾ നിർമിച്ചും ഭക്ഷ്യകിറ്റുകൾ വിതരണം ചെയ്തും പച്ചക്കറി, ഫലവൃക്ഷ വിത്തുകൾ നൽകിയും ചെയ്ത കാര്യങ്ങൾ കർദിനാൾ അനുസ്മരിച്ചു.
’കോവിഡാനന്തര വിദ്യാഭ്യാസ സാധ്യതകൾ’ എന്ന വിഷയത്തിൽ എംജി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസിലർ ഡോ. ബാബു സെബാസ്റ്റ്യൻ ക്ലാസ് നയിച്ചു.
യൂത്ത് കമ്മീഷൻ ചെയർമാൻ മാർ ജോസഫ് പണ്ടാരശേരിൽ സമാപന സന്ദേശം നൽകി. മാനുഷിക ബന്ധങ്ങളുടെയും സ്വയം പര്യാപതതയുടെയും വലിയ പാഠമാണ് കോവിഡ് നമുക്ക് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. ഛാന്ദാ ബിഷപ്പ് മാർ എഫ്രം നരികുളം സൗഹൃദങ്ങളും പരസ്പര ബന്ധങ്ങളും അന്യമാകാത്ത നവീന പാഠപദ്ധതികൾ വേണമെന്ന് ആവശ്യപ്പെട്ടു. യൂത്ത് കമ്മീഷൻ സെക്രട്ടറി ഫാ. ജോസഫ് ആലഞ്ചേരിൽ, എസ്.എം.വൈ.എം.ഗ്ലോബൽ പ്രസിഡന്റ് അരുണ്‍ കവലക്കാട്ട്, കേരള റീജിയൻ പ്രസിഡന്റ് ജൂബിൻ കൊടിയംകുന്നേൽ, ബിവിൻ വർഗീസ്, കേരള റീജിയൻ ജനറൽ സെക്രട്ടറി മെൽബിൻ പുളിയംതൊട്ടിയിൽ, അഞ്ജുമോൾ പൊന്നഛേൽ, അഭിലാഷ് എന്നിവർ പ്രസംഗിച്ചു. കേരളത്തിലെ 13 സീറോ മലബാർ രൂപതകളിലെ ഡയറക്ടർമാർ, പ്രസിഡന്റുമാർ, ജന. സെക്രട്ടറിമാർ എന്നിവർ പങ്കെടുത്തു.