അഞ്ചു കോടി വരെ ബില്ലുകൾ ട്രഷറിവഴി മാറി നൽകും
Saturday, May 23, 2020 1:24 AM IST
തിരുവനന്തപുരം: അഞ്ചു കോടി രൂപ വരെയുള്ള ബില്ലുകൾ ട്രഷറി വഴി മാറി നൽകാൻ സര് ക്കാർ നിർദേശം. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ ക്യൂവിലുള്ള തദ്ദേശ സ്ഥാപന ബില്ലുകൾ അടക്കമുള്ളവ മാറി നൽകും.
കോവിഡ് ലോക്ക്ഡൗണുമായി ബന്ധപ്പെട്ടു സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 20,000 കോടി രൂപയുടെ സാമ്പത്തിക പാക്കേജിൽ തദ്ദേശ സ്ഥാപന ബില്ലുകൾ അടക്കമുള്ളവ മാറിനൽകുമെന്ന് അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് അഞ്ചു കോടി രൂപ വരെയുള്ള ബില്ലുകൾ മാറി നൽകാൻ ധന വകുപ്പ് ട്രഷറി ഡയറക്ടർക്ക് നിർദേശം നൽകിയത്.
ട്രഷറി ക്യൂവിലുള്ള ബില്ലുകൾ കൂടാതെ ബിൽ ഡിസ്കൗണ്ട് സന്പ്രദായം തെരഞ്ഞെടുത്ത് ഇതുവരെ പണം ലഭിക്കാത്ത കേസുകൾ, വെയ്സ് ആൻഡ് മീൻസ് അനുമതിക്കായി കാക്കുന്നവ തുടങ്ങി ഇപ്പോൾ കുടിശികയുള്ള ബില്ലുകൾ ഉടനടി കൊടുക്കാനാണ് നിർദേശം. ബില്ലുകൾ സമർപ്പിച്ച തീയതിയുടെ മുൻഗണനാക്രമം കണക്കാക്കിയാകും ബിൽ പാസാക്കുന്നത്. നിലവിൽ അഞ്ചു ലക്ഷം രൂപ വരെയുള്ള ബില്ലുകൾ മാത്രമാണ് ട്രഷറി വഴി പാസാക്കിയിരുന്നത്.