പരീക്ഷാ ഗതാഗത ക്രമീകരണം കളക്ടറും എംഎൽഎമാരും മേൽനോട്ടം വഹിക്കും
Saturday, May 23, 2020 12:40 AM IST
തിരുവനന്തപുരം: മാറ്റിവച്ച എസ്എസ്എൽസി, ഹയർ സെക്കൻഡറി, വിഎച്ച്എസ് സി പരീക്ഷകൾ ചൊവ്വാഴ്ച തുടങ്ങാനിരിക്കേ ഗതാഗത ക്രമീകരണങ്ങൾ സംബന്ധിച്ചു വിദ്യാ൪ഥികളിലും രക്ഷിതാക്കളിലും ആശങ്ക ഒഴിയുന്നില്ല. ജില്ലയ്ക്കു പുറത്തുള്ളവ൪ക്കാണ് ഇനിയും ഗതാഗത ക്രമീകരണം ഏ൪പ്പെടുത്താത്തത്.
അയൽജില്ലകളിലുള്ളവർക്കു വീടിനു സമീപത്ത് ഐച്ഛിക വിഷയമുള്ള സ്കൂളുകളിൽ പരീക്ഷാ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ 10,920 കുട്ടികൾക്ക് പരീക്ഷാ സെന്റർ മാറ്റം അനുവദിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.
എന്നാൽ, അയൽജില്ലകളിലെ സ്കൂളുകളിൽ ഇതിന്റെ ഇരട്ടിയിലേറെ കുട്ടികൾക്കു പരീക്ഷ എഴുതേണ്ടിവരുമെന്നും ഇവ൪ ആശങ്കയിലാണെന്നും അധ്യാപക൪ പറയുന്നു.
വാർ റൂം
തിരുവനന്തപുരം: പരീക്ഷയുടെ സുഗമമായ സംഘാടനത്തിനായി സംസ്ഥാനതലത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിൽ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ പ്രവർത്തിക്കുന്ന വാർ റൂം സജ്ജീകരിച്ചു. വാർ റൂമിന്റെ ഫോണ് നന്പരും ഇ-മെയിൽ വിലാസവും ചുവടെ:0471-2580506, 8547869946. എസ്എസ്എൽസി - 8301098511, എച്ച്എസ്ഇ - 9447863373, വിഎച്ച്എസ്ഇ - 9447236606. ഇമെയിൽ - [email protected]. വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും സംശയനിവാരണത്തിനാണു വാർ റൂം സജ്ജീകരിച്ചിരിക്കുന്നത്.