ആറ്റിൽ കുളിക്കാനിറങ്ങിയ എൻജിനിയറിംഗ് ബിരുദധാരി മുങ്ങിമരിച്ചു
Friday, May 22, 2020 11:50 PM IST
മങ്കൊന്പ്: വീട്ടിനു സമീപത്തെ ആറ്റിൽ കുളിക്കാൻ പോയ യുവാവ് മുങ്ങിമരിച്ചു. രമാങ്കരി പഞ്ചായത്ത് രണ്ടാം വാർഡ് വേഴപ്ര ആലഞ്ചേരിൽ ജോമോന്റെ മകൻ അനൂജ് പോൾ ജേക്കബാ(25)ണ് മരിച്ചത്. ഇന്നലെ രാവിലെ ആറരയോടെ എസി കനാലിലായിരുന്നു സംഭവം.
ബിടെക് ബിരുദധാരിയായ യുവാവ് ഇന്നലെ രാവിലെ ആറോടെയാണ് വീട്ടിൽനിന്നു കുളിക്കാനായി പോയത്. ആറരയോടെ വേഴപ്ര 30-ാം നന്പർ സെറ്റിൽമെന്റ് കോളനി കടവിൽ കുളിക്കാനെത്തിയ ചിലർ കടവിൽ മുണ്ടും ചെരിപ്പും കൊന്തയും ഇരിക്കുന്നതു കണ്ടതോടെയാണു സംശയം തോന്നിയത്. നേരത്തെ, പ്രദേശവാസികളിൽ ചിലർ വെള്ളത്തിൽ ഇടയ്ക്കു കൈകൾ ഉയർന്നു കണ്ടിരുന്നെങ്കിലും കുളിക്കടവായതിനാൽ കാര്യമാക്കിയിരുന്നില്ല.
തുടർന്നു നടത്തിയ അന്വേഷണത്തിൽ അനൂജ് കുളിക്കാനിറങ്ങിയിരുന്നതായി മനസിലായി. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്നു രാമങ്കരി പോലീസും ആലപ്പുഴ, ചങ്ങാശേരി എന്നിവിടങ്ങളിൽനിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റും ചേർന്ന് ഏറെ നേരം തെരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഉച്ചയോടെ നാട്ടുകാരായ മുങ്ങൽ വിദഗ്ധരും വലയുപയോഗിച്ചു മത്സ്യത്തൊഴിലാളികളും തെരച്ചിലിൽ തുടങ്ങി. ഉച്ചയോടെ കടവിനു അല്പം അകലെയായി മൃതദേഹം കണ്ടെടുക്കുകയായിരുന്നു. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു രണ്ടിന് വേഴപ്ര സെന്റ് പോൾസ് പള്ളിയിൽ. മാതാവ്: ചെന്പുംപുറം മുല്ലശേരിൽ കുടുംബാംഗമായ ആൻസമ്മ. അഞ്ജു (സ്നേഹോദയ നഴ്സിംഗ് സ്കൂൾ ഇരിങ്ങാലക്കുട), സ്നേഹ (സെന്റ് അലോഷ്യസ് എച്ച്എസ്എസ്, എടത്വ) സഹോദരങ്ങളാണ്.