കോവിഡ്: ഉയിർപ്പു ഞായറാഴ്ച ഉച്ചയ്ക്ക് 12 നു പ്രാർഥന
Thursday, April 9, 2020 10:39 PM IST
തിരുവനന്തപുരം: കൊറോണ വൈറസിൽനിന്നു ലോകത്തെ രക്ഷിക്കണമെന്നു ഭാരതത്തിലെ കത്തോലിക്കാസഭാ വിശ്വാസികൾ ഉയിർപ്പു ഞായറാഴ്ച ഉച്ചയ്ക്കു 12 നു പ്രാർഥനാ കൂട്ടായ്മയിലൂടെ ഉത്ഥിതനായ ക്രിസ്തുവിനോട് അപേക്ഷിക്കുന്നു. ഭാരത കത്തോലിക്കാ മെത്രാൻ സമിതിയാണ് ഞായറാഴ്ചത്തെ പ്രാർഥനാ കൂട്ടായ്മയ്ക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. അനുവദനീയമായ മാർഗങ്ങളിലൂടെ ഇടവക നേതൃത്വങ്ങളോടൊപ്പം പ്രാർഥനാ കൂട്ടായ്മയിൽ പങ്കുചേരണമെന്ന് സിബിസിഐ ആഹ്വാനം ചെയ്തു.
സിബിസിഐ അധ്യക്ഷൻ കർദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസ് ലത്തീൻ, സീറോ മലബാർ, സീറോ മലങ്കര സഭാ നേതൃത്വങ്ങളുമായി ആലോചിച്ചശേഷമാണ് ഈ പ്രാർഥനാ നിർദേശം പുറപ്പെടുവിച്ചതെന്ന് തിരുവനന്തപുരം ലത്തീൻ ആർച്ച്ബിഷപ് ഡോ. സൂസപാക്യം അറിയിച്ചു. ഇതിനായി പ്രത്യേക പ്രാർഥനയും തയാറാക്കിയിട്ടുണ്ട്.