അധ്യാപക തസ്തിക: ഉത്തരവ് പിൻവലിക്കണമെന്നു പി.ജെ. ജോസഫ്
Saturday, April 4, 2020 12:20 AM IST
തൊടുപുഴ: ആഴ്ചയിൽ 16 മണിക്കൂർ അധ്യാപന ജോലി ഉണ്ടെങ്കിൽ മാത്രമേ സംസ്ഥാനത്തെ എയ്ഡഡ് ആർട്സ് ആൻഡ്് സയൻസ് കോളജുകളിൽ പുതിയ അധ്യാപക തസ്തിക അനുവദിക്കാവൂ എന്ന ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നു കേരളാ കോണ്ഗ്രസ് -എം വർക്കിംഗ് ചെയർമാൻ പി.ജെ. ജോസഫ് എംഎൽഎ.
സ്ഥിരം അധ്യാപകർ ഉണ്ടെങ്കിൽ മാത്രമെ വിദ്യാഭ്യാസ രംഗത്തു ഗുണനിലവാരം ഉറപ്പാക്കാനാവൂ. ഉന്നത വിദ്യാഭ്യാസ ഗുണനിലവാരത്തിൽ വെള്ളം ചേർക്കരുത്. ചെലവു ചുരുക്കാനുള്ള പരിപാടിയായി ഇതിനെ കാണരുത്. അധ്യയന നിലവാരം തകർക്കുന്ന സമീപനത്തിൽനിന്നു സർക്കാർ പിന്മാറണം. ഉന്നത വിദ്യാഭ്യാസരംഗം നേരിടുന്ന പ്രതിസന്ധികളുടെ ആഴം കൂട്ടാനുതകുന്ന ഉത്തരവുകളാണു സർക്കാർ പുറപ്പെടുവിക്കുന്നത്. സന്പത്തിന്റെ ലാഭക്കണക്കിൽ ഉന്നത വിദ്യാഭ്യാസരംഗത്തെ വീക്ഷിക്കരുത്. പുതിയ ഉത്തരവു നടപ്പാക്കിയാൽ ഒട്ടേറെ അധ്യാപക തസ്തികകൾ ഇല്ലാതാകും. ഉന്നത വിദ്യാഭ്യാസം നേടിയവരുടെ തൊഴിലവസരങ്ങൾ നഷ്ടപ്പെടുത്തരുതെന്നും ജോസഫ് ആവശ്യപ്പെട്ടു.