സൗജന്യ റേഷൻ ഇന്നു മുതൽ
Wednesday, April 1, 2020 12:55 AM IST
തിരുവനന്തപുരം: ലോക്ക്ഡൗണിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ച സൗജന്യ റേഷൻ വിതരണം ഇന്നു മുതൽ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ മുതൽ ഉച്ചവരെ അന്ത്യോദയ മുൻഗണന വിഭാഗങ്ങൾക്കും ഉച്ചയ്ക്കുശേഷം മുൻഗണനേതര വിഭാഗങ്ങൾക്കും (നീല, വെള്ള കാർഡുകൾക്ക്) റേഷൻ വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
പൂജ്യം, ഒന്ന് എന്നീ അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നന്പർ ഉള്ളവർക്ക് ഇന്ന് റേഷൻ നൽകും. രണ്ട്, മൂന്ന് അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡ് നന്പർ ഉള്ളവർക്ക് നാളെയും നാല്, അഞ്ച് അക്കങ്ങളിൽ അവസാനിക്കുന്ന നന്പർ ഉടമകൾക്ക് വെള്ളിയാഴ്ചയും റേഷൻ നൽകും.
ആറ്, ഏഴ് അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് നാലാം തീയതിയും എട്ട്, ഒൻപത് അക്കങ്ങളിൽ അവസാനിക്കുന്നവർക്ക് അഞ്ചാം തീയതിയും റേഷൻ നൽകുന്ന രീതിയിലാണ് ക്രമീകരണങ്ങൾ. വാങ്ങാൻ കഴിയാത്തവർക്ക് പിന്നീട് വാങ്ങാനും അവസരമുണ്ടാകും. ഒരു റേഷൻ കടയിൽ ഒരു സമയം അഞ്ചുപേർ വരെ മാത്രമേ പാടുള്ളൂ. സർക്കാർ നിർദേശിച്ചിട്ടുള്ള ശാരീരിക അകലം പാലിക്കണം.