അതിഥിതൊഴിലാളികളുടെ ക്യാമ്പുകളുടെ മേൽനോട്ടം കളക്ടർ വഹിക്കും: മുഖ്യമന്ത്രി
Tuesday, March 31, 2020 12:22 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളുടെ മേൽനോട്ടം അതാത് ജില്ലാ കളക്ടർമാർ വഹിക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ജില്ലാപോലീസ് മേധാവിയും ലേബർ ഓഫീസറും അടങ്ങുന്ന സമിതി പരിശോധന നടത്തും.
കോട്ടയം ജില്ലയിൽ പായിപ്പാട്ടെ അതിഥിതൊഴിലാളികളുടെ സമരത്തിനു പിന്നിൽ ഗൂഢാലോചന നടന്നുവെന്നും ഇക്കാര്യം അന്വേഷിച്ചുവരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗൂഢാലോചന കണ്ടെത്താൻ പോലീസിന് നിർദേശം നൽകിയിട്ടുണ്ട്. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ കേരളത്തിന്റെ നേട്ടങ്ങളെ താറടിച്ച് കാണിക്കാനുള്ള നീക്കമാണു നടന്നത്. ഗൂഢാലോചനയ്ക്കു പിന്നിൽ ഒന്നോ അതിലധികമോ ശക്തികൾ പ്രവർത്തിച്ചതായാണു പ്രാഥമികമായി മനസിലാക്കാൻ കഴിയുന്നത്.
തൊഴിലാളികളുടെ ക്യാന്പുകൾ സന്ദർശിച്ച് അവരുടെ പ്രശ്നങ്ങൾ അന്വേഷിക്കുന്നതിന് ഹിന്ദി അറിയുന്ന ഹോം ഗാർഡുകളെയും നിയമിച്ചിട്ടുണ്ട്. അതിഥി തൊഴിലാളികൾക്ക് ഭക്ഷണം, വൈദ്യസഹായം എല്ലാം ഉറപ്പാക്കാൻ നടപടിയെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.