മദ്യം നല്‍കുന്നത് അധാർമികം: കെസിബിസി മദ്യവിരുദ്ധ സമിതി
Tuesday, March 31, 2020 12:20 AM IST
കോഴിക്കോട്: മദ്യാസക്തർക്ക് ആവശ്യമെങ്കില്‍ സർക്കാര്‍ ഡോക്ടറുടെ നിർദേശ പ്രകാരം മദ്യം നൽകുവാനുള്ള നീക്കം അധാർമികവും അശാസ്ത്രീയവുമാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി അഡ്വ.ചാര്‍ളി പോളും സംസ്ഥാന വൈസ്പ്രസിഡന്റ് ആന്റണി ജേക്കബ് ചാവറയും പറഞ്ഞു.
മദ്യാസക്തർക്ക് മദ്യമല്ല, ചികിത്സയാണ് നല്‍കേണ്ടത്. മദ്യം കിട്ടാതെ വരുമ്പോഴുണ്ടാവുന്ന പിൻവാങ്ങല്‍ ലക്ഷണങ്ങൾക്ക് ലോകാരോഗ്യ സംഘടന ചികിത്സാ മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത്തരം ചികിത്സ സർക്കാര്‍ ആശുപത്രികളില്‍ നല്‍കാവുന്നതാണ്. സർക്കാർ, സർക്കാരിതര ലഹരിമോചന സെന്ററുകളില്‍ മദ്യാസക്തരെ ചികിത്സയ്ക്ക് എത്തിക്കണമെന്നും സമിതി ആവ ശ്യപ്പെട്ടു.
മദ്യം മരുന്നായി കുറിക്കാന്‍ കഴിയില്ലെന്ന കെജിഎംഒഎ, കെഎംഎ എന്നിവയുടെ നിലപാട് സർക്കാര്‍ അംഗീകരിക്കണം. വിമുക്തി ഡിഅഡിക്ഷന്‍ സെന്ററുകള്‍ സജീവമാക്കുകയാണ് പോംവഴിയെന്നും മദ്യവിരുദ്ധസമിതി വ്യ ക്തമാക്കി.