പ്രത്യേക വിമാനം ഇന്നെത്തും; 150 ജർമൻകാർ നാട്ടിലേക്ക്
Monday, March 30, 2020 11:48 PM IST
വൈപ്പിൻ: കോവിഡ് നിയന്ത്രണങ്ങൾക്കിടെ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കുടുങ്ങിപ്പോയ 150ഓളം ജർമൻ സ്വദേശികൾ ഇന്നു പ്രത്യേക വിമാനത്തിൽ തിരുവനന്തപുരത്തുനിന്നു സ്വന്തം നാട്ടിലേക്കു തിരിക്കും. എറണാകുളത്തു കുടുങ്ങിയ 27 പേരും ഇതിൽപ്പെടും.
വിവിധ റിസോർട്ടുകളിലും ഹോട്ടലുകളിലും ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇവരെ നിരീക്ഷണ കാലാവധി കഴിഞ്ഞ സാഹചര്യത്തിൽ ജർമൻ സർക്കാർ ഇടപെട്ടാണ് സ്വദേശത്തേക്കു കൊണ്ടുപോകുന്നത്. ഇന്നു മുംബൈയിൽനിന്നു പ്രത്യേക വിമാനം തിരുവനന്തപുരത്തെത്തും.
എറണാകുളത്തുനിന്നുള്ള 27 പേരെയും ഡിടിപിസി ഏർപ്പാടാക്കിയ പ്രത്യേക വാഹനത്തിൽ ഇന്നലെ തിരുവനന്തപുരത്തെ കെടിഡിസി ഹോട്ടലുകളിൽ എത്തിച്ചിരുന്നു. മറ്റു ജില്ലകളിലുള്ളവരെയും ഇന്നലെതന്നെ തിരുവനന്തപുരത്ത് എത്തിച്ചു.