അർത്തുങ്കൽ ഹാർബർ രണ്ടു വർഷത്തിനകം പൂർത്തിയാക്കും: മന്ത്രി
Friday, February 28, 2020 11:52 PM IST
ആലപ്പുഴ: ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം നാലുഹാർബറുകളുടെ നിർമാണം പൂർത്തീകരിച്ചെന്നു ഫിഷറീസ് ഹാർബർ എൻജിനിയറിംഗ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ. അർത്തുങ്കൽ ഫിഷിംഗ് ഹാർബറിന്റെ രണ്ടാം ഘട്ട പ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ചെല്ലാനം ഹാർബർ ഈ വർഷം കമ്മീഷൻ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അർത്തുങ്കൽ ഹാർബർ രണ്ടുവർഷം കൊണ്ട് കമ്മീഷൻ ചെയ്യാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
ഹാർബർ എൻജിനീയറിംഗ് വകുപ്പ് ജില്ലയിൽ 315 റോഡുകൾക്കായി 108 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ചേർത്തല നിയോജകമണ്ഡലത്തിൽ മാത്രം 40 റോഡുകൾക്കായി 11.36 കോടിയും അനുവദിച്ചിട്ടുണ്ട്. രണ്ടു പുലിമുട്ടുകളുടെ നിർമാണത്തിന്റെ ഒന്നാംഘട്ടം പൂർത്തിയായിട്ടുണ്ട്. 49.39 കോടി രൂപയാണ് ആദ്യ രണ്ടുഘട്ടങ്ങൾക്കായി അനുവദിച്ചത്. ഇതിൽ 26.22 കോടി രണ്ടാം ഘട്ടത്തിൽ ചെലവാക്കും. മൂന്നാം ഘട്ടമായി വാർഫ്, ലേല ഹാൾ, അപ്രോച്ച് റോഡ് തുടങ്ങിയവ നിർമ്മിക്കാൻ 121 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഇതിന്റെ എസ്റ്റിമേറ്റ് സമർപ്പിച്ചിട്ടുണ്ട്. തെക്കേ പുലിമുട്ട് 595മീറ്ററായി നീട്ടുന്നതാണ് രണ്ടാം ഘട്ടം.
ഭക്ഷ്യ പൊതുവിതരണ മന്ത്രി പി. തിലോത്തമൻ അധ്യക്ഷത വഹിച്ചു. എ.എം. ആരിഫ് എംപി മുഖ്യാതിഥിയായി. മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രഭ മധു, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീലാമ്മ ആന്റണി, ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജയിംസ് ചിങ്കുതറ, വാർഡ് അംഗം ഹെർബിൻ പീറ്റർ, ഫാ. ക്രിസ്റ്റഫർ അർത്ഥശേരിൽ, ചീഫ് എൻജിനിയർ പി.കെ. അനിൽകുമാർ, ജോമോൻ കെ. ജോർജ്, ലിൻഡ ഇ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.