സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംസ്ഥാനതല ക്വിസ് മത്സരം ഇന്ന് തിരൂരിൽ
Friday, February 28, 2020 11:52 PM IST
തിരുവനന്തപുരം: സ്റ്റുഡന്റ് പോലീസ് കേഡറ്റ് സംഘടിപ്പിക്കുന്ന സംസ്ഥാനതല ക്വിസ് മത്സരത്തിന്റെ ഫൈനൽ ഇന്നു മലപ്പുറം ജില്ലയിലെ തിരൂരിൽ ബിയാൻകോ കാസിൽ ഓഡിറ്റോറിയത്തിൽ നടക്കും.
പരിപാടിയുടെ ഉദ്ഘാടനം രാവിലെ 11.30ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീൽ നിർവഹിക്കും. സി. മമ്മൂട്ടി എംഎൽഎ അധ്യക്ഷനായിരിക്കും. സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് ഐജി പി.വിജയൻ വിശദീകരിക്കും. നോളജ് ഫെസ്റ്റ് എന്ന് പേരിട്ടിരിക്കുന്ന ക്വിസ് പരിപാടിയിൽ ഒന്നാം സ്ഥാനം നേടുന്ന ടീമിന് 25,000 രൂപയും എവർറോളിംഗ് ട്രോഫിയും ലഭിക്കും. രണ്ടാം സ്ഥാനത്തിന് അർഹനാവുന്നവർക്ക് 15,000 രൂപയും മൂന്നാം സ്ഥാനക്കാർക്ക് 10,000 രൂപയും ലഭിക്കും.
വൈകിട്ട് 4.45ന് നടക്കുന്ന സമാപന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ മുഖ്യാതിഥി ആയിരിക്കും. ഐജി പി. വിജയൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ഐജി അശോക് യാദവ്, ഡിഐജി എസ്.സുരേന്ദ്രൻ, മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീം എന്നിവർ പങ്കെടുക്കും.