മന്നത്ത് പത്മനാഭന്റെ അന്‍പതാം ചരമവാർഷികാചരണം പ്രൗഢമായി
Wednesday, February 26, 2020 12:32 AM IST
ചങ്ങനാശേരി: സമുദായാചാര്യൻ മന്നത്തു പത്മനാഭന്റെ അന്‍പതാം ചരമവാർഷികം പെരുന്ന എൻഎസ്എസ് ആസ്ഥാനത്ത് ആചരിച്ചു.
മന്നത്ത് ആചാര്യന്റെ സമാധിമണ്ഡപത്തിൽ രാവിലെ ആറു മുതൽ അദ്ദേഹം ദിവംഗതനായ 11.45വരെ ഭക്തിഗാനാലാപനം, പുഷ്പാർച്ചന, ഉപവാസം, സമൂഹ പ്രാർഥന എന്നീ ചടങ്ങുകളോടെയാണ് ചരമവാർഷികാചരണം നടന്നത്.
ആയിരക്കണക്കിന് സമുദായാംഗങ്ങളും അഭ്യുദയകാംക്ഷികളും രാഷ്ട്രീയ സാമൂഹിക നേതാക്കളും ഉൾപ്പെട്ട വലിയ ജനസമൂഹം സമാധിമണ്ഡപത്തിലെത്തി ആദരവുകൾ അർപ്പിച്ചു.
ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ പറയുകയും പറയുന്നവ ചെയ്യുകയും ചെയ്തിരുന്ന മഹാമനുഷ്യനായിരുന്നു മന്നത്ത് പത്മനാഭനെന്ന് എൻഎസ്എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു. നായർ സർവീസ് സൊസൈറ്റിക്ക് രൂപം നൽകിയ വേളയിൽ മന്നവും സഹപ്രവർത്തകരും ചേർന്നെടുത്ത പ്രതിജ്ഞ എൻഎസ്എസ് പ്രസിഡന്റ് നരേന്ദ്രനാഥൻ നായർ ചൊല്ലിക്കൊടുത്തു. സമുദായാംഗങ്ങൾ ഏറ്റുചൊല്ലിയതോടെ അനുസ്മരണ ചടങ്ങുകൾ സമാപിച്ചു.