കുണ്ടറ ചിറക്കടവ് കുംഭഭരണി: പോലീസിന്റെ നിലപാട് തേടി
Wednesday, February 26, 2020 12:32 AM IST
കൊച്ചി: കൊല്ലം കുണ്ടറ ചിറക്കടവ് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിനു സിപിഎം, ആര്‍എസ്എസ് പ്രവര്‍ത്തകരില്‍നിന്നു സംരക്ഷണം തേടി ക്ഷേത്രോപദേശക സമിതി നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതി പോലീസിന്റെ നിലപാടു തേടി.
കുംഭഭരണി മഹോത്സവം, നവാഹ ജ്ഞാന യജ്ഞം എന്നിവയോടനുബന്ധിച്ച് ഇരുകൂട്ടരും ക്ഷേത്രവളപ്പില്‍ കൊടിതോരണങ്ങളും ബാനറുകളും സ്ഥാപിച്ചിട്ടുണ്ട്. ഘോഷയാത്രയില്‍ നുഴഞ്ഞു കയറി പ്രശ്നങ്ങളുണ്ടാക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നും ഹര്‍ജിയില്‍ പറയുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ക്ഷേത്രോപദേശക സമിതിക്കാണ് ഉത്സവ നടത്തിപ്പിന്റെ ചുമതല. പ്രശ്നമുണ്ടാകുമെന്നതിനാല്‍ ഘോഷയാത്രയോടനുബന്ധിച്ച് കുതിര എഴുന്നള്ളിപ്പിനും ഫ്ളോട്ട് അവതരണത്തിനും അനുമതി നല്‍കേണ്ടെന്നു സമിതി തീരുമാനിച്ചിരുന്നു.