അഴിമതിക്കേസ്: പോലീസുകാരുടെ പേരു നൽകണമെന്ന ഉത്തരവിനു സ്റ്റേ
Wednesday, February 26, 2020 12:32 AM IST
കൊച്ചി: അഴിമതിക്കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതി ചേര്‍ത്തു കുറ്റപത്രം നല്‍കുകയും പിരിച്ചുവിടല്‍ നടപടികള്‍ നേരിടുകയും ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥരുടെ പേരുവിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം കൈമാറണമെന്ന സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയില്‍ ഇത്തരം വിവരങ്ങള്‍ നല്‍കണമെന്നും ഈ പോലീസ് ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കണമെന്നും 2019 ഏപ്രിലിലാണ് വിവരാവകാശ കമ്മീഷണര്‍ ഉത്തരവിട്ടത്.
ഇതിനെതിരേ സംസ്ഥാന ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡെപ്യൂട്ടി സൂപ്രണ്ട് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്. കോടതിയുടെ അന്തിമ വിധി വന്നിട്ടില്ലാത്തതിനാല്‍ കുറ്റപത്രം നല്‍കിയെന്ന കാരണത്താല്‍ പ്രതികളായ പോലീസുകാരുടെ പേരുകള്‍ കൈമാറണമെന്നു വിവരാവകാശ നിയമപ്രകാരം ഉത്തരവിടാന്‍ കഴിയില്ലെന്നു ഹര്‍ജിയില്‍ പറയുന്നു.
കുറ്റപത്രം നല്‍കിയെന്നതിന്റെ പേരില്‍ ഇവരുടെ പേരുകള്‍ പ്രസിദ്ധീകരിച്ചാല്‍ കോടതി ശിക്ഷിക്കുന്നതിന് മുമ്പ് ഇവര്‍ കുറ്റവാളികളാണെന്ന ധാരണയുണ്ടാക്കും. നിയമം നടപ്പാക്കാന്‍ ചുമതലപ്പെട്ട പോലീസ് ഉദ്യോഗസ്ഥരില്‍ ചിലരുടെ പേരുകള്‍ ഇത്തരത്തില്‍ കൈമാറുന്നത് സേനയുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. തുടര്‍ന്നാണ് സ്റ്റേ അനുവദിച്ചത്.