അഴിമതി ആരോപണങ്ങളിൽ മുഖ്യമന്ത്രിയുടെ മൗനം കുറ്റസമ്മതം: ചെന്നിത്തല
Wednesday, February 26, 2020 12:32 AM IST
തിരുവനന്തപുരം: സിഎജി റിപ്പോർട്ടിൽ ആഭ്യന്തര വകുപ്പിനെതിരേ ഉയർന്നിട്ടുള്ള ആക്ഷേപങ്ങളിൽ മുഖ്യമന്ത്രി മൗനം പാലിക്കുന്നത് കുറ്റസമ്മതമായിട്ടു കണക്കാക്കാനേ കഴിയുകയുള്ളുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് യോഗത്തിനുശേഷം പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന സർക്കാർ അഴിമതിയിൽ മുങ്ങിക്കഴിഞ്ഞു. പോലീസിൽ നടക്കുന്ന അഴിമതിയിൽ മുഖ്യമന്ത്രിയുടെ പങ്കു കൂടി അന്വേഷിക്കണമെന്ന നിലയിലേക്കാണ് കാര്യങ്ങൾ ഇപ്പോൾ വന്നുചേർന്നിട്ടുള്ളത്. അതീവ സുരക്ഷാ മേഖലയായ പോലീസ് ആസ്ഥാനത്ത് സ്വകാര്യ കന്പനിയായ ഗാലക്സോണിന് സ്ഥലം നല്കി.
വ്യവസായ വകുപ്പ് സെക്രട്ടറിയെ മാറ്റിയതിനു പിന്നിലെ കാരണം എന്താണ്? അദ്ദേഹം മാറി പുതിയ ആളു വരുന്നതിനിടയിൽ 66 ക്വാറിയാണ് അനുവദിച്ചത്. സംസ്ഥാന സർക്കാരിന്റെ അഴിമതിക്കെതിരേ ശക്തമായ സമരം നടത്താൻ ഇന്നലെ ചേർന്ന യുഡിഎഫ് യോഗത്തിൽ തീരുമാനമായി. ഏപ്രിൽ രണ്ടിന് യുഡിഎഫ് പ്രവർത്തകർ സെക്രട്ടേറിയറ്റ് വളയും. ഇതിന്റെ ഭാഗമായി 140 നിയോജകമണ്ഡലങ്ങളിലും മാർച്ച് 16ന് സായാഹ്ന ധർണ നടത്തും. പഞ്ചായത്തുകളിൽ വികസന പ്രവർത്തനം നടത്താത്തതിന്റെ പേരിൽ ജനപ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് മാർച്ച് 19ന് ജില്ലാ ട്രഷറികളിൽ ധർണ നടത്തുമെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.