ഓർത്തഡോക്സ് വിഭാഗം വടകര യാക്കോബായ പള്ളിയിൽ കുർബാന അർപ്പിച്ചു
Monday, February 24, 2020 3:26 AM IST
കൂത്താട്ടുകുളം: വടകര സെന്റ് ജോണ്‍സ് യാക്കോബായ പള്ളിയിൽ ഇന്നലെ ഓർത്തഡോക്സ് വിഭാഗം വികാരി പോലീസ് സംരക്ഷണത്തിലെത്തി, വിശുദ്ധ കുർബാന അർപ്പിച്ചു. എന്നാൽ, ഓഫീസ് ഭരണം ഏറ്റെടുക്കാനുള്ള ഇവരുടെ നീക്കം യാക്കോബായ വിശ്വാസികൾ തടഞ്ഞതു സംഘർഷത്തിനു കാരണമായി.
ഭരണസമിതിയെ പുറത്താക്കാനുള്ള ശ്രമം വിജയിക്കാത്തതിനെത്തുടർന്ന് ഓർത്തഡോക്സ് വിഭാഗം പ്രത്യേക ഓഫീസ് കൗണ്ടർ ആരംഭിച്ചു. യാക്കോബായ സഭാ വികാരി ഫാ. പോൾ പീച്ചിയിലിനെ ചുമതലകളിൽനിന്നു നീക്കിയ കോടതിവിധിയിൽ പ്രതിഷേധിച്ചു കഴിഞ്ഞ ഒന്നര മാസമായി യാക്കോബായ വിശ്വാസികൾ പള്ളി ബഹിഷ്കരിച്ചു വരികയായിരുന്നു. കൂത്താട്ടുകുളം, കിഴകൊന്പ്, കുഴിക്കാട്ടുകുന്ന് എന്നീ ചാപ്പലുകളും വിശ്വാസികൾ ബഹിഷ്കരിച്ചിരുന്നു. ഇന്നലെ രാവിലെ ഹൈക്കോടതിയിൽനിന്നു കിട്ടിയ പ്രൊട്ടക്ഷൻ ഉത്തരവുമായാണ് ഓർത്തഡോക്സ് വിഭാഗം സഹവികാരിയായി നിയമിതനായ ഫാ. മേരിദാസ് എത്തിയത്.