മൂല്യനിർണയം: പങ്കെടുക്കാത്ത അധ്യാപകരുടെ കോളജുകൾക്കു പിഴ
Saturday, February 22, 2020 11:56 PM IST
തിരുവനന്തപുരം: മൂല്യനിർണയ ക്യാമ്പുകളിൽ പങ്കെടുക്കാത്ത അധ്യാപകരുടെ കോളജുകളിൽനിന്നു പിഴ ഈടാക്കാൻ സാങ്കേതിക സർവകലാശാല. മൂല്യനിർണയത്തിനായി അവശേഷിക്കുന്ന ഉത്തരക്കടലാസുകളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ദിവസേന ആയിരം രൂപ എന്ന ക്രമത്തിലായിരിക്കും പിഴ ഈടാക്കുന്നത്. കൂടാതെ കോളജുകൾക്ക് അഫിലിയേഷനുമായി ബന്ധപെട്ടു നെഗറ്റീവ് പോയിന്റുകളും നൽകും. മൂല്യനിർണയ ക്യാമ്പുകളിൽ ഗവൺമെന്റ് അധ്യാപകരുടെ അഭാവം വകുപ്പിന്റെ ശ്രദ്ധയിൽപ്പെടുത്തും.
ഒരു കോളജിൽനിന്നുള്ള അധ്യാപകർ മൂല്യനിർണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം കോളജിൽ അനുവദനീയമായ കുട്ടികളുടെ എണ്ണത്തിന്റെ 1.8 ഇരട്ടിയോ അല്ലെങ്കിൽ അനുവദനീയമായ കുട്ടികളുടെ എണ്ണത്തിന്റെ 0.8 ഇരട്ടിയുടെയും പ്രവേശിപ്പിക്കപ്പെട്ട കുട്ടികളുടെ എണ്ണത്തിന്റെ ആകെത്തുകയും (ഇതിലേതാണോ കുറവ്) ആയിരിക്കും. പുനർമൂല്യനിർണയത്തിനും, മൂന്നാമത്തെ മൂല്യനിർണയത്തിനും സ്ക്രൂട്ടിനിക്കും ഈ കണക്ക് ബാധകമല്ല.
രജിസ്റ്റർചെയ്യാതെ പരീക്ഷ എഴുതരുത്
പരീക്ഷകൾക്കായി പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെ ഇനിമുതൽ വിദ്യാർഥികൾക്കു പരീക്ഷ എഴുതാൻ അനുവാദമില്ല. രജിസ്റ്റർ ചെയ്യാത്ത കുട്ടികളെ പരീക്ഷ എഴുതാൻ അനുവദിക്കേണ്ട സാഹചര്യങ്ങളിൽ, കോളജുകൾ പരീക്ഷാകൺട്രോളറിൽനിന്നു മുൻകൂർ അനുമതി വാങ്ങിയിരിക്കണം. അനുമതി വാങ്ങാതെ പരീക്ഷ എഴുതുന്ന കുട്ടികളുടെ പരീക്ഷ പേപ്പറുകൾ മൂല്യനിർണയത്തിനായി ശേഖരിക്കില്ല.