തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ്: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക ഉപയോഗിക്കാനാവില്ലെന്ന് കമ്മീഷൻ
Thursday, January 30, 2020 1:57 AM IST
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിന് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക ഉപയോഗിക്കാനാവില്ലെന്ന് സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷൻ ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
തദ്ദേശ തെരഞ്ഞെടുപ്പിന് വാർഡ് അടിസ്ഥാനമാക്കിയാണ് വോട്ടർ പട്ടിക തയാറാക്കുന്നത്. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിന് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷൻ ഓരോ മണ്ഡലത്തിലെയും പോളിംഗ് ബൂത്തുകളുടെ അടിസ്ഥാനത്തിലാണ് വോട്ടർ പട്ടിക തയാറാക്കുന്നത്.
ഒരേ വാർഡിന്റെ വിവിധ ഭാഗങ്ങൾ പല ബൂത്തുകളിലായിട്ടാകും ചേർത്തിട്ടുണ്ടാവുക. ഇക്കാരണത്താൽ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന് അതേപടി ഉപയോഗിക്കാനാവില്ല. സമയബന്ധിതമായി നടപടി പൂർത്തിയാക്കാൻ പഴയ തദ്ദേശ ഭരണ തെരഞ്ഞെടുപ്പിന്റെ വോട്ടർ പട്ടിക ആധാരമാക്കാൻ അനുവദിക്കണമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി എ. സന്തോഷ് നൽകിയ മറുപടി സത്യവാങ്മൂലത്തിൽ പറയുന്നു.