കൊറോണ: ആതുരാലയങ്ങൾക്കു കെസിബിസി ഹെൽത്ത് കമ്മീഷൻ നിർദേശം
Thursday, January 30, 2020 12:11 AM IST
കൊച്ചി: ലോകത്തിൽ അഞ്ചോളം രാജ്യങ്ങളിൽ ഇപ്പോൾ നിലവിലുള്ളതും മറ്റു സ്ഥലങ്ങളിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ളതുമായ കൊറോണ വൈറസ് പകർച്ചവ്യാധിക്കെതിരേ സംസ്ഥാന ആരോഗ്യ വകുപ്പ് നിർദേശിക്കുന്ന മുൻകരുതലുകളോടും പ്രതിരോധ പ്രവർത്തനങ്ങളോടും പൂർണമായി സഹകരിക്കാൻ എല്ലാ കത്തോലിക്കാ ആതുരാലയങ്ങളോടും കെസിബിസി ഹെൽത്ത് കമ്മീഷൻ ആഹ്വാനം ചെയ്തു.
പാലാരിവട്ടം പിഒസിയിൽ ചേർന്ന കെസിബിസി ഹെൽത്ത് കമ്മീഷന്റെയും കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യ (ചായ്) കേരള ഘടകത്തിന്റെയും ഭാരവാഹികളുടെ അടിയന്തര യോഗത്തിൽ സ്വീകരിക്കേണ്ട നടപടി ക്രമങ്ങളെക്കുറിച്ച് വ്യക്തത വരുത്തി.
പ്രളയത്തിനു ശേഷമുള്ള കേരളത്തിന്റെ പുനർനിർമാണത്തിലും ജനങ്ങളുടെ പുനരധിവാസത്തിലും നിപ വൈറസ് പകർച്ചവ്യാധിക്കെതിരെയും സഭയും സംവിധാനങ്ങളും ഉണർന്നു പ്രവർത്തിച്ചതുപോലെ കൊറോണ വൈറസ് രോഗത്തിന്റെ ഭയത്തിൽ കഴിയുന്നവരുടെ ഭയം അകറ്റുന്നതിനും അവരുടെ സുരക്ഷയ്ക്കും എല്ലാ കത്തോലിക്കാ ആതുരാലയങ്ങളും ആതുരശുശ്രൂഷകരും പ്രവർത്തനസജ്ജരായിരിക്കണമെന്ന് യോഗം ഓർമിപ്പിച്ചു.
കെസിബിസി ഹെൽത്ത് കമ്മീഷൻ ചെയർമാൻ ആർച്ച്ബിഷപ് മാർ ജോർജ് ഞരളക്കാട്ടിന്റെ നിർദേശ പ്രകാരം കൂടിയ യോഗത്തിൽ പിഒസി ഡയറക്ടർ റവ.ഡോ. വർഗീസ് വള്ളിക്കാട്ട്, കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറി ഫാ. സൈമണ്‍ പള്ളുപേട്ട, ചായ് കേരള പ്രസിഡന്റ് ഫാ. തോമസ് വൈക്കത്തുപറന്പിൽ, സെക്രട്ടറി ഫാ. ഷൈജു തോപ്പിൽ, ട്രഷറർ ഫാ. ജോണ്സണ് വാഴപ്പിള്ളി തുടങ്ങിയവർ പ്രസംഗിച്ചു.