കൊറോണ: കേന്ദ്രസംഘം കൊച്ചിയിൽ
Tuesday, January 28, 2020 12:54 AM IST
നെടുമ്പാശേരി: കൊറോണ വൈറസ് ഭീഷണി നേരിടാൻ സ്വീകരിച്ചിരിക്കുന്ന ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്രസംഘം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എത്തി. ഇവിടെ സ്വീകരിച്ചിരിക്കുന്ന മുന്നൊരുക്കങ്ങളില്‍ സംഘം സംതൃപ്തി രേഖപ്പെടുത്തി. വിമാനത്താവളത്തിൽ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനയ്ക്കു വിധേയരാക്കിയ 178 യാത്രക്കാരുടെ വിവരങ്ങള്‍ സംഘം ശേഖരിച്ചു.
ചൈനയിലടക്കം സന്ദര്‍ശനം കഴിഞ്ഞു നിരവധിപ്പേര്‍ കേരളത്തിലേക്ക് എത്തുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തില്‍ എടുത്തിരിക്കുന്ന മുന്നൊരുക്കങ്ങള്‍ എത്രമാത്രമുണ്ടെന്നും കൂടുതല്‍ മുൻകരുതലുകൾ എന്തെങ്കിലും സ്വീകരിക്കേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളാണ് കേന്ദ്ര സംഘം പരിശോധിക്കുന്നത്. വിമാനത്താവളത്തിനു പുറമെ കളമശേരി മെഡിക്കൽ കോളജും സംഘം സന്ദർശിച്ചു. ഇന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു റിപ്പോർട്ട് സമർപ്പിക്കും. ഡൽഹിയിലെ ലേഡി ഹാൻഡിംഗ് മെഡിക്കൽ കോളജിലെ പൾമോണളജിസ്റ്റ് ഡോ. പുഷ്പേന്ദ്രകുമാർ വർമ, കോഴിക്കോട് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിലെ ഡോ. ഷൗക്കത്തലി, ഡോ. ഹംസക്കോയ, ഡോ. റാഫേൽ റെഡ്ഡി എന്നിവരാണ് സംഘത്തിൽ.