പള്ളിക്കേസിൽ കളക്ടർ നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കി
Thursday, January 23, 2020 11:44 PM IST
കൊച്ചി: കോതമംഗലം ചെറിയപള്ളി ഏറ്റെടുത്ത് ഓർത്തഡോക്സ് വിഭാഗത്തിനു കൈമാറണമെന്ന വിധി നടപ്പാക്കാത്തതിനെതിരായ കോടതിയലക്ഷ്യ ഹർജിയിൽ എറണാകുളം ജില്ലാ കളക്ടർ ഹാജരാകുന്നത് ഹൈക്കോടതി ഒഴിവാക്കി.
പള്ളി ഏറ്റെടുത്തു നൽകണമെന്ന കഴിഞ്ഞ ഡിസംബർ മൂന്നിലെ ഹൈക്കോടതി വിധി പാലിച്ചില്ലെന്നാരോപിച്ച് ഓർത്തഡോക്സ് വിഭാഗം പള്ളി വികാരി തോമസ് പോൾ റന്പാൻ നൽകിയ കോടതിയലക്ഷ്യ ഹർജിയാണ് സിംഗിൾ ബെഞ്ച് പരിഗണിക്കുന്നത്.
പള്ളിക്കുള്ളിലും പരിസരത്തുമായി തന്പടിച്ച യാക്കോബായ വിഭാഗക്കാരായ വിശ്വാസികളെ പെട്ടെന്ന് ഒഴിവാക്കി പള്ളി ഏറ്റെടുക്കുന്നതു ക്രമസമാധാന പ്രശ്നങ്ങളുണ്ടാക്കുമെന്നാണു സർക്കാരിന്റെ വാദം. വിധി നടപ്പാക്കാൻ സാവകാശം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. പള്ളി ഏറ്റെടുത്തു നൽകണമെന്ന ഹൈക്കോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ടു മറ്റൊരു ഹർജി നൽകുന്നുണ്ടെന്നും സർക്കാരിനു വേണ്ടി ഹാജരായ സ്റ്റേറ്റ് അറ്റോർണി അറിയിച്ചു.
കളക്ടർ നേരിട്ടു ഹാജരാകുന്നത് ഒഴിവാക്കി ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കാൻ മാറ്റി. ഹർജി ഇന്നലെത്തന്നെ പരിഗണിക്കണമെന്ന് ഓർത്തഡോക്സ് വിഭാഗം വാദിച്ചു.
കോടതിയുത്തരവ് നടപ്പാക്കുകയല്ലേ ഹർജിക്കാരുടെ ആവശ്യമെന്നും അതിനു തിരക്കിടുന്നത് എന്തിനാണെന്നും ഈ ഘട്ടത്തിൽ ഹൈക്കോടതി വാക്കാൽ ചോദിച്ചു.
അതേസമയം പള്ളി ഏറ്റെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടിട്ട് ഒരു മാസം കഴിഞ്ഞിട്ടും സർക്കാരോ പോലീസോ നടപടി സ്വീകരിക്കുന്നില്ലെന്നു ഹർജിക്കാർ ആരോപിച്ചു.