കൊറോണ: ആരോഗ്യമന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് ആന്റോ ആന്റണി
Thursday, January 23, 2020 11:44 PM IST
പത്തനംതിട്ട: സൗദിയിലെ മലയാളി നഴ്സുമാർക്കു കൊറോണ വൈറസ് ബാധ ഭീഷണിയായ പശ്ചാത്തലത്തിൽ മലയാളി നഴ്സുമാരുടെ പരിചരണവും സുരക്ഷയും സംബന്ധിച്ച് ആരോഗ്യ മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു.
ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും സൗദി ആശുപത്രിയിൽ രോഗബാധിതയായി എത്തിയതായി പറയുന്ന ആളെ ചികിത്സിച്ച നഴ്സുമാരെ നിരീക്ഷണവിധേയമായി പ്രത്യേക വാർഡിലേക്കു മാറ്റിയിട്ടേയുള്ളൂവെന്നും എംപി പറഞ്ഞു. സൗദി ആശുപത്രിയുമായി ബന്ധപ്പെട്ടു വിശദവിവരങ്ങൾ ആരാഞ്ഞുവരികയാണ്.
വൈറസ് ബാധ ഭയന്ന് ആശുപത്രിയിലേക്കു മറ്റു ജീവനക്കാർ കഴിഞ്ഞ ദിവസങ്ങളിൽ ജോലിക്കെത്തിയിരുന്നില്ലെന്നു പറയുന്നു.
വൈറസ് ബാധ ഭയന്നു പ്രത്യേക മുറിയിലേക്കു മാറ്റിയ നഴ്സുമാരുടെ പരിചരണം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളതായും ആന്റോ പറഞ്ഞു. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രത്തിനു കത്തയച്ചിട്ടുണ്ട്.