തെങ്ങുകയറ്റ തൊഴിലാളി ഷോക്കേറ്റു മരിച്ചു
Tuesday, January 21, 2020 11:37 PM IST
ആർപ്പൂക്കര: ഓലകൾക്കിടയിലൂടെ വൈദ്യുതി ലൈൻ കടന്നു പോകുന്ന തെങ്ങിൽ കയറിയ തൊഴിലാളി ഷോക്കേറ്റു മരിച്ചു. ചൂരക്കാവ് എഴുപതിൽ മണിയാണ് (55) മരിച്ചത്. ഇന്നലെ രാവിലെ 11നു പനന്പാലം കോലേട്ടന്പലം ഭാഗത്തുള്ള വീട്ടിൽ തെങ്ങിൽ കയറുന്നതിനിടെയാണ് അപകടം. യന്ത്രം ഉപയോഗിച്ചാണു മണി തെങ്ങിൽ കയറിയിരുന്നത്.
വഴിയരുകിൽ നിൽക്കുന്ന തെങ്ങിന്റെ ഓലകൾക്കിടയിലൂടെയാണു വൈദ്യുതി ലൈൻ കടന്നുപോയിരുന്നത്. പല ഓലകളും ലൈനിൽ മുട്ടിയിയിരുന്നു. ഇതേത്തുടർന്നു തെങ്ങിലും വൈദ്യൂതിയുണ്ടായിരുന്നതായി പറയപ്പെടുന്നു. തെങ്ങിന്റെ പകുതിയിലെത്തിയപ്പോൾ മണി തെറിച്ചുവീഴുകയായിരുന്നു.
നിലത്തുവീണ മണിയെ നാട്ടുകാർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുകൊടുത്തു.
സംസ്കാരം ഇന്നു 11നു വീട്ടുവളപ്പിൽ. ഭാര്യ അജിതാകുമാരി. മക്കൾ: അമലേന്ദു, ആരോമൽ, അനന്ദു.