ജയവല്ലി വധക്കേസിന്റെ അന്വേഷണം ലോക്കൽ പോലീസിന്
Sunday, January 19, 2020 12:15 AM IST
കോഴിക്കോട്: മുക്കം ഇരട്ടക്കൊലപാതകത്തിൽ ഉൾപ്പെട്ട ജയവല്ലി വധക്കേസ് ലോക്കല്‍ പോലീസിന് കൈമാറും. ജയവല്ലിയുടെ മകൻ ബിർജുവാണ് കേസിലെ ഒരു പ്രതി. ശരീരഭാഗങ്ങള്‍ കണ്ടെത്തിയ കേസിന്റെ അന്വേഷണത്തിനിടെയാണ് ജയവല്ലി കൊല്ലപ്പെട്ടതാണെന്ന് തെളിഞ്ഞത്.
കൊലപാതകം നടത്തിയ സ്ഥലത്തെ ലോക്കല്‍ പോലീസാണ് കേസ് ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിനാലാണ് ലഭ്യമായ തെളിവുകള്‍ സഹിതം ലോക്കല്‍ പോലീസിന് കേസ് ക്രൈംബ്രാഞ്ച് കൈമാറുന്നത്. ഇതിന് മുന്നോടിയായി ജയവല്ലി വധക്കേസിൽ പ്രതിയായ ബിര്‍ജുവിന്റെ കുറ്റസമ്മതം സഹിതമുള്ള വിശദറിപ്പോര്‍ട്ട് റൂറല്‍ പോലീസ് മേധാവി കെ.ജി. സൈമണ്‍ കൈമാറും. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുക്കം പോലീസ് കേസ് രജിസ്റ്റര്‍ചെയ്യുകയും ബിര്‍ജുവിനെ കസ്റ്റഡിയില്‍ വാങ്ങുന്നതുള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.
ജയവല്ലിയുടെ കൊലപാതകം മറയ്ക്കാനായി വാടകക്കൊ ലയാളിയായ ഇസ്മയിലിനെ കൊലപ്പെടുത്തിയ കേസില്‍ ബിർജുവിനു പുറമേ, കൂടുതല്‍ പ്രതികളുണ്ടോയെന്ന് ക്രൈംബ്രാഞ്ച് സംശയിക്കുന്നു. കൃത്യം നടത്തിയ ശേഷം ശരീരഭാഗങ്ങള്‍ വെട്ടിനുറുക്കി ചാക്കിലാക്കി ഉപേക്ഷിക്കാന്‍ ബിര്‍ജുവിന് ഒറ്റയ്ക്ക് സാധിക്കില്ലെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ച്. പ്രതിക്ക് മറ്റാരുടെയെങ്കി ലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന് വിശദമായി അന്വേഷിക്കും. കസ്റ്റഡിയിലുള്ള പ്രതി ബിര്‍ജു കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. നിലവിലെ സാഹചര്യത്തില്‍ ബിര്‍ജുവിന്റെ ഭാര്യയെ അന്വേഷണസംഘം ഉടന്‍ ചോദ്യംചെയ്യും. കോഴിക്കോട് ക്രൈംബ്രാഞ്ച് ഓഫീസില്‍ വിളിച്ചു വരുത്തിയാവും ചോദ്യംചെയ്യുക.
ഇസ്മയിലിനെ കൊലപ്പെടുത്തിയ കേസിലും ജയവല്ലിയുടെ കേസിലും ഭാര്യക്കു പങ്കില്ലെങ്കില്‍ മാപ്പു സാക്ഷിയാക്കാനാണ് പോലീസ് തീരുമാനം.
ആദ്യ കൊലപാതകത്തിന് മൂന്നര വര്‍ഷവും രണ്ടാമത്തെ കൊലപാതകത്തിന് രണ്ടര വര്‍ഷവും പഴക്കമുള്ളതിനാല്‍ തെളിവുകള്‍ ശേഖരിക്കുക അന്വേഷണസംഘത്തിന് നിര്‍ണായകമായിരുന്നു. പ്രതിയുടെ കുറ്റസമ്മതത്തിന് പുറമേ കോടതിയില്‍ ശാസ്ത്രീയ തെളിവുകളും അന്വേഷണസംഘം സമര്‍പ്പിക്കും.