കാണാതായ അധ്യാപികയെ കടൽത്തീരത്ത് മരിച്ചനിലയിൽ കണ്ടെത്തി
Sunday, January 19, 2020 12:09 AM IST
മഞ്ചേശ്വരം: രണ്ടുദിവസം മുമ്പ് കാണാതായ അധ്യാപികയുടെ മൃതദേഹം കുമ്പള പെര്‍വാട് കടപ്പുറത്ത് കണ്ടെത്തി. മിയാപദവ് വാണിവിജയ ഹയര്‍ സെക്കൻഡറി സ്കൂള്‍ അധ്യാപിക രൂപ(40)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെ സ്വന്തം സ്കൂട്ടറിൽ സ്കൂളിലേക്കു പോയ രൂപ വീട്ടിൽ തിരിച്ചെത്താതിരുന്നതിനെ തുടര്‍ന്ന് ഭര്‍ത്താവ് ചന്ദ്രന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഉച്ചയ്ക്കുശേഷം അവധിയെടുത്ത് സ്കൂളിൽനിന്ന് പോയതായാണ് വിവരം. മരണത്തില്‍ ബന്ധുക്കള്‍ സംശയം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ചികൂര്പദവിലെ പരേതനായ കൃഷ്ണന്റെയും ലീലാവതിയുടെയും മകളാണ്. ഭര്‍ത്താവ് ചന്ദ്രന് മഞ്ചേശ്വരം സർവീസ് സഹകരണ ബാങ്കിൽ മാനേജരാണ്. മക്കൾ: കൃതിക്, കൃപ. സഹോദരങ്ങൾ: ദീപശ്രീ, ശില്പ. രൂപയുടേത് കൊലപാതകമാണെന്ന് സംശയിക്കുന്നതായി ബന്ധുക്കൾ പോലീസിനോട് പറഞ്ഞു. കുമ്പള പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.