ആസ്പാക് - 2020 തുടങ്ങി
Friday, January 17, 2020 11:34 PM IST
കൊടകര: ഹ്യൂമൻ ലൈഫ് ഇന്റർനാഷണലിന്റെ 22-ാമത് ഏഷ്യ പസഫിക് കോണ്‍ഫറൻസിന് (ആസ്പാക്-2020) കൊടകര സഹൃദയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിൽ പ്രൗഢോജ്വല തുടക്കം. സീറോ മലബാർ സഭ യൂറോപ്പിലെ അപ്പസ്തോലിക് വിസിറ്റേറ്റർ ബിഷപ് മാർ സ്റ്റീഫൻ ചിറപ്പണത്തിന്റെ മുഖ്യകാർമികത്വത്തിൽ നടന്ന ദിവ്യബലിയെത്തുടർന്നായിരുന്നു ഉദ്ഘാടന സമ്മേളനം. വിവിധ രാജ്യങ്ങളിൽനിന്നെത്തിയ പ്രതിനിധികൾ അവരുടെ ദേശീയപതാകകളേന്തി ഉദ്ഘാടനവേദിയിലെത്തി അവ വേദിയിൽ പ്രതിഷ്ഠിച്ചു.
കെസിബിസി ഫാമിലി ആൻഡ് പ്രോലൈഫ് കമ്മീഷൻ ചെയർമാൻ ബിഷപ് ഡോ. പോൾ ആന്റണി മുല്ലശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഓരോ കത്തോലിക്കനും ജീവന്റെ സംരക്ഷകനും പ്രചാരകനുമായിരിക്കണമെന്നു ബിഷപ് ഉദ്ബോധിപ്പിച്ചു.
ദൈവിക ദാനമായ ജീവനെ സ്നേഹിക്കാനും ബഹുമാനിക്കാനും പരിപോഷിപ്പിക്കാനും ശുശ്രൂഷിക്കാനും ഉള്ള വിളിയാണ് ക്രൈസ്തവ വിശ്വാസിക്കുള്ളതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോളി കണ്ണൂക്കാടൻ അധ്യക്ഷത വഹിച്ചു.