സിപിഎം കേന്ദ്ര കമ്മിറ്റി ഇന്നു മുതൽ
Friday, January 17, 2020 1:01 AM IST
തിരുവനന്തപുരം: സിപിഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്നും നാളെയും മറ്റന്നാളുമായി തിരുവനന്തപുരത്തു ചേരും. മൂന്നു വർഷത്തിനു ശേഷമാണു സന്പൂർണ കേന്ദ്ര കമ്മിറ്റി യോഗം തിരുവനന്തപുരത്തു ചേരുന്നത്. ദേശീയ രാഷ്ട്രീയവും പൗരത്വ നിയമ ഭേദഗതിയുമാണു പ്രധാനപ്പെട്ട ചർച്ചാവിഷയങ്ങൾ. വിളപ്പിൽശാല ഇഎംഎസ് അക്കാദമിയിലാണു യോഗം. കേന്ദ്ര കമ്മിറ്റിയിൽ പങ്കെടുക്കാനായി നേതാക്കൾ ഇന്നലെത്തന്നെ തലസ്ഥാനത്തെത്തിയിട്ടുണ്ട്. നേതാക്കളുടെ താമസസൗകര്യമെല്ലാം ഇഎംഎസ് അക്കാദമയിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്.
അമേരിക്കയിൽ ചികിത്സയ്ക്കായി പോയതിനാൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനു കേന്ദ്ര കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാകില്ല. ഗവർണറും സർക്കാരും തമ്മിലുള്ള വാക്പോര് രൂക്ഷമായ സാഹചര്യത്തിൽ ഈ വിഷയത്തിൽ സിപിഎം നേതാക്കളുടെ പ്രതികരണം ദേശീയതലത്തിൽ തന്നെ ശ്രദ്ധയാകർഷിക്കും.