മാധ്യമ പ്രവർത്തകനു നേരേ ആക്രോശവുമായി സെൻകുമാർ
Friday, January 17, 2020 12:10 AM IST
തിരുവനന്തപുരം: പത്രസമ്മേളത്തിനിടെ മാധ്യമ പ്രവർത്തകനു നേരേ ആക്രോശവുമായി മുൻ ഡിജിപി ടി.പി. സെൻകുമാർ. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയ വിമർശനത്തെ സംബന്ധിച്ചു ചോദിച്ചപ്പോഴായിരുന്നു മാധ്യമ പ്രവർത്തകനോടു പോലീസ് ഭാഷയിലുള്ള സെൻകുമാറിന്റെ മറുപടി.
നിങ്ങൾ ഏതു പത്രത്തിലാ... മുന്നോട്ടു വരൂ.. നിങ്ങൾ മദ്യപിച്ചിട്ടുണ്ടല്ലോ... എന്നു പറഞ്ഞു കൈചൂണ്ടി അലറിയാണു സെൻകുമാർ മാധ്യമ പ്രവർത്തകനു നേരേ തിരിഞ്ഞത്. അടുത്തുചെന്നു താൻ മദ്യപിച്ചിട്ടില്ലെന്നും ഐഡി കാർഡ് എടുത്ത് കാട്ടി പത്രപ്രവർത്തകനാണെന്നും പറഞ്ഞിട്ടും സെൻകുമാറിന്റെ കലി അടങ്ങിയില്ല.
ഇതിനിടെ സെൻകുമാറിനും സുഭാഷ് വാസുവിനുമൊപ്പം പ്രസ്ക്ലബ്ബിന്റെ പത്രസമ്മേളന ഹാളിൽ കസേര കൈയടക്കിയ ഇരുവരുടെയും അനുയായികളിൽ ഒരാൾ മാധ്യമ പ്രവർത്തകനായ കടവിൽ കെ. റഷീദിനെ മർദിക്കാനൊരുങ്ങി. ഹാളിൽ ഉണ്ടായിരുന്ന മറ്റു മാധ്യമ പ്രവർത്തകർ ഇടപെടുന്നതുവരെ മർദിക്കാനെത്തിയ വ്യക്തിയെ പിന്തിരിപ്പിക്കാനുള്ള ശ്രമം പോലും സെൻകുമാർ നടത്തിയില്ല. ചില മാധ്യമ പ്രവർത്തകർ ഇടപെട്ടതുകൊണ്ടു മാത്രമാണ് അസുഖബാധിതനായ കടവിൽ റഷീദിനു മർദനമേൽക്കാതിരുന്നത്.