അഭിഭാഷകർക്കെതിരായ പരാതി മജിസ്ട്രേട്ട് പിൻവലിച്ചു
Saturday, December 14, 2019 12:56 AM IST
തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിലെ അഭിഭാഷകർക്കെതിരേയുള്ള പരാതി വനിതാ മജിസ്ട്രേട്ട് ദീപ മോഹനൻ പിൻവലിച്ചു. മജിസ്ട്രേട്ടിനെ തടഞ്ഞുവച്ച സംഭവത്തിൽ ബാർ അസോസിയേഷൻ ഭാരവാഹികൾ കഴിഞ്ഞ ദിവസം മാപ്പു പറഞ്ഞതിനു തൊട്ടുപിന്നാലെയാണ് കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ല എന്ന് മജിസ്ട്രേട്ട് പോലീസിനു മൊഴി നൽകിയത്.
വാഹനാപകട കേസിലെ സാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിയുടെ ജാമ്യം റദ്ദാക്കിയ മജിസ്ട്രേട്ടിന്റെ നടപടിയെയാണ് അഭിഭാഷകർ ചോദ്യം ചെയ്തത്. ഇതേത്തുടർന്നുണ്ടായ വാക്കുതർക്കത്തിനൊടുവിൽ ദീപ മോഹനന്റെ കോടതി ബഹിഷ്കരിക്കാൻ ബാർ അസോസിയേഷൻ ഭാരവാഹികൾ തീരുമാനിച്ചിരുന്നു. ഇതിനിടെ വനിതാ മജിസ്ട്രേട്ട് അവധിയെടുക്കുകയും ചെയ്തു.
അനുരഞ്ജന ചർച്ചകൾക്കൊടുവിൽ ബാർ അസോസിയേഷൻ ഭാരവാഹികൾ കഴിഞ്ഞ ദിവസം ജില്ലാ ജഡ്ജിക്ക് മജിസ്ട്രേട്ടിനോടു മാപ്പു പറഞ്ഞുകൊണ്ടുള്ള കത്ത് നൽകിയിരുന്നു. ഇതോടെ കഴിഞ്ഞ ഒരു മാസമായി വഞ്ചിയൂർ കോടതിയിൽ ഉണ്ടായിരുന്ന പ്രശ്നം അവസാനിച്ചു.