കാറിടിച്ച വിദ്യാർഥിയെ വഴിയിൽ ഉപേക്ഷിച്ച ഡ്രൈവർ അറസ്റ്റിൽ
Saturday, December 14, 2019 12:56 AM IST
പാലക്കാട്: കാറിടിച്ചു വീണ വിദ്യാർഥിയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെ വഴിയിൽ ഉപേക്ഷിച്ച് പോകുകയും പിന്നീട് കുട്ടി മരിക്കുകയും ചെയ്ത സംഭവത്തിൽ ഡ്രൈവർ അറസ്റ്റിൽ. മലപ്പുറം പുത്തനത്താണി സ്വദേശി നാസറിനെയാണു കസബ പോലീസ് അറസ്റ്റ് ചെയ്തത്. മനപൂർവമല്ലാത്ത നരഹത്യക്കാണു കേസെടുത്തതെന്നു കസബ പോലീസ് അറിയിച്ചു. ഇയാളുടെ ലൈസൻസ് റദ്ദാക്കുമെന്നു മോട്ടോർ വാഹന വകുപ്പും അറിയിച്ചു.
വ്യാഴാഴ്ച വൈകുന്നേരം നാലരയോടെ കൈതക്കുഴിക്ക് സമീപം റോഡരികിൽ നിൽക്കുകയായിരുന്ന നല്ലേപ്പിള്ളി കുറുമന്ദാം പള്ളം സുദേവന്റെ മകൻ സുജിതിനെ(12) കാറിടിച്ചു. അതേ കാറിൽ കൊണ്ടുപോയെങ്കിലും പകുതി വഴിയിലെത്തിയപ്പോൾ ടയർ പഞ്ചറായായെന്നു പറഞ്ഞ് ഇറക്കിവിട്ട ശേഷം ഡ്രൈവറും കാറിലെ യാത്രക്കാരും രക്ഷപ്പെടുകയായിരുന്നു.
ആറു കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും സുജിത്ത് മരിച്ചു. സംഭവം വിവാദമായതോടെ കസബ പോലീസ് നടത്തിയ അന്വേഷണത്തിലാണു കാറിന്റെ ഉടമ മലപ്പുറം പുത്തനത്താണി സ്വദേശി അഷ്റഫാണെന്നു തിരിച്ചറിഞ്ഞത്. തുടർന്നാണ് ഡ്രൈവറെയും കാറും കസ്റ്റഡിയിലെടുത്തത്.
കൂടെ പോയ പരമനാണ് സംഭവം പുറത്ത് പറഞ്ഞത്. ആറു കിലോമീറ്റർ അകലെയുള്ള നാട്ടുകല്ലിലെ സ്വകാര്യ ആശുപത്രിയിലേക്കു പോകാനാണു പറഞ്ഞതെങ്കിലും അത് വകവയ്ക്കാതെ പാലക്കാട് ഭാഗത്തേക്കാണു പോയതെന്നു പരമൻ പറഞ്ഞു.
എന്നാൽ, അരകിലോമീറ്റർ മുന്നോട്ടു പോയപ്പോഴാണ് ടയർ പഞ്ചറായെന്നും ഇറങ്ങി മറ്റൊരു വാഹനത്തിൽ ആശുപത്രിയിലെത്തിക്കാനും ഡ്രൈവർ പറഞ്ഞത്. ഇതോടെ, പെട്ടെന്ന് ഇറങ്ങി എതിരെ വന്ന വാൻ കൈകാണിച്ചു നിർത്തി നാട്ടുകല്ലിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന അദ്ദേഹം പറഞ്ഞു.
അപ്പുപ്പിള്ളയൂർ എയുപി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിയായ സുജിത് ക്ലാസ് കഴിഞ്ഞ ശേഷം, ഇരട്ടക്കുളത്തെ തറവാട്ടിൽ മുത്തച്ഛന്റെ ചരമവാർഷികച്ചടങ്ങുമായി ബന്ധപ്പെട്ട് എത്തിയതായിരുന്നു. ബാഗ് വീട്ടിൽവച്ച ശേഷം സമീപത്തു കളിക്കുകയായിരുന്ന കൂട്ടുകാരുടെ അടുത്തേക്കു പോകാൻ റോഡരികിൽ നിൽക്കുമ്പോഴായിരുന്നു അപകടം. അമ്മ: രാധ. സഹോദരൻ: സൂരജ്.