ഫ്രാൻസിസ് പാപ്പാ പുരോഹിതർക്കു മാതൃക: മാർ ജോർജ് ആലഞ്ചേരി
Thursday, December 12, 2019 12:24 AM IST
കൊച്ചി: ഫ്രാൻസിസ് പാപ്പായുടെ പൗരോഹിത്യ സുവർണജൂബിലി വേളയിൽ കേരള കത്തോലിക്ക മെത്രാൻ സമിതിക്കുവേണ്ടി (കെസിബിസി) പ്രസിഡന്റ് കർദിനാൾ ജോർജ് ആലഞ്ചേരി പുറപ്പെടുവിച്ച സർക്കുലർ.
ഫ്രാൻസിസ് മാർപാപ്പ ഡിസംബർ 13ന് പൗരോഹിത്യത്തിന്റെ 50 സുവർണവത്സരങ്ങൾ പൂർത്തിയാക്കും. അജഗണങ്ങളോടൊപ്പം സഞ്ചരിക്കുകയും നഷ്ടപ്പെട്ടവയെ തേടിപ്പോവുകയും ചെയ്യുന്ന നല്ല ഇടയനായ യേശുവിനെ തന്റെ പൗരോഹിത്യ ശുശ്രൂഷയിലൂടെ പിൻചെല്ലുന്ന പരിശുദ്ധ പിതാവ് എല്ലാ പുരോഹിതർക്കും ഒരു മാതൃകയാണ്. 1936 ഡിസംബർ 17ന് അർജന്റീനയിലെ ലാസ് ഫ്ളോറസിലാണ് ഫ്രാൻസിസ് പാപ്പാ ജനിച്ചത്. 1969 ഡിസംബർ 13ന് ഈശോസഭയിൽ വൈദികനായി. 1992 ജൂൺ 27ന് മെത്രാഭിഷേകം സ്വീകരിച്ചു. 2013 മാർച്ച് 13ന് വിശുദ്ധ പത്രോസിന്റെ പിൻഗാമിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
സുവിശേഷം നൽകുന്ന ആനന്ദം മറ്റുള്ളവരുമായി പങ്കുവയ്ക്കുകയും തന്റെ ചുറ്റുപാടുകളിലേക്കു പ്രസരിപ്പിക്കുകയും ചെയ്യുന്നതിലൂടെ അദ്ദേഹം സകലർക്കും പ്രിയങ്കരനായിത്തീരുന്നു. സുവിശേഷത്തിന്റെ മർമം ദൈവത്തിന്റെ കരുണയാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. പിതാവിന്റെ കരുണ യേശുവിലൂടെ ലോകം അനുഭവിച്ചതുപോലെ, തിരുസഭയും, സഭയുടെ എല്ലാ ശുശ്രൂഷകരും, യേശുവിന്റെ ഹൃദയം സ്വന്തമാക്കി മുറിവേറ്റ സകലർക്കും കാരുണ്യത്തിലൂടെ സൗഖ്യം പകരണമെന്ന് അദേഹം ആഹ്വാനം ചെയ്യുന്നു. ദൈവകാരുണ്യം ഒരിക്കലും അടയാത്ത വാതിലാണെന്നും തന്റെ എല്ലാ മക്കളെയും ദൈവം കാത്തിരിക്കുന്നു എന്നും അദ്ദേഹം സഭയെ ഓർമ്മിപ്പിക്കുന്നു.
ലോകത്തെ എല്ലാ വിഭാഗം ജനങ്ങളോടും അദ്ദേഹം സംവദിക്കുന്നു. മനുഷ്യരെ വേർതിരിക്കുന്ന എല്ലാ മതിലുകളും ഭേദിച്ച് അദ്ദേഹത്തിന്റെ വാക്കുകൾ മനുഷ്യഹൃദയങ്ങളിൽ പതിക്കുന്നു. ദൈവസ്നേഹത്തിലുന്നിയ മനുഷ്യദർശനം എല്ലാത്തരം മനുഷ്യരുടെയും അന്തസും മാന്യതയും മഹത്വവും ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിക്കുന്നു. അവരിൽ ആരെയും വിധിക്കാനല്ല. കരുതലോടെ അനുധാവനം ചെയ്യാനാണ് സഭ നിയുക്തയായിരിക്കുന്നത് എന്നദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. ദരിദ്രരുടെയും പ്രകൃതിയുടെയും വിലാപത്തിനു ചെവിക്കൊടുക്കണമെന്ന് അദ്ദേഹം ലോകത്തെ അനുസ്മരിപ്പിക്കുന്നു. ലോകം ഒരു ആത്മീയ പിതാവായി അദ്ദേഹത്തെ കാണുകയും ആദരിക്കുകയും ചെയ്യുന്നു. നല്ല ഇടയനായ യേശുവിനെ പിൻചെല്ലുന്നതിൽ അദ്ദേഹം നമുക്കു മുന്പേ നടക്കുന്നു.
പാപ്പായുടെ വാക്കുകൾ ഋജുവും ലളിതവുമാണ്. അദ്ദേഹത്തിന്റെ പ്രവൃത്തികൾ സുവിശേഷത്തിന്റെ സാക്ഷ്യവും വ്യാഖ്യാനവുമാണ്. അപ്പസ്തോല പ്രവർത്തനങ്ങളിൽ പത്രോസും ക്രിസ്തുവിനെ പ്രഘോഷിച്ചതുപോലെ സഭയ്ക്കുള്ളിലും ലോകം മുഴുവനും പിതാവായ ദൈവത്തിന്റെ കാരുണ്യത്തോടും പരിശുദ്ധാത്മാവിന്റെ ശക്തിയോടും കൂടെ യേശുക്രിസ്തുവിന്റെ രക്ഷാകരദൗത്യം തുടരാൻ അദ്ദേഹം സഭയെ ആഹ്വാനം ചെയ്യുന്നു.
ഇക്കാലയളവിൽ സമാധാനത്തിന്റെയും സഹോദര്യത്തിന്റെയും കൂട്ടായ്മയുടെയും അരൂപിയിൽ സഭയെ നയിക്കാൻ പരിശുദ്ധ പിതാവിനെ നൽകിയ പരമ കാരുണികനായ ദൈവത്തിന് നമുക്കു നന്ദി പറയാം. പ്രതിസന്ധികളും വെല്ലുവിളികളും നിറഞ്ഞ ജീവിതത്തിന്റെ എല്ലാ മേഖലകളെയും പരിവർത്തനത്തിനു പ്രേരിപ്പിക്കാൻ ദൈവകരുണയിൽ ആശ്രയിച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ ശുശ്രൂഷകൾക്കു കഴിയട്ടെ!
ദൈവവചനത്തോടു വിധേയത്വവും ആത്മീയനേതൃത്വത്തോട് ആദരവും പുലർത്തുന്ന ജീവിതശൈലിയിലൂടെയും പ്രാർഥനയിലൂടെയും സഭയുടെ എല്ലാ ശുശ്രൂഷാമേഖലകളെയും നമുക്ക് ശക്തിപ്പെടുത്താം. 13-നും 17നുമുള്ള വിശുദ്ധ കുർബാനകളിൽ പരിശുദ്ധ പിതാവിന്റെ് ശുശ്രൂഷാ ജീവിതത്തിന്റെ നന്മകൾക്കായി ദൈവത്തിനു നന്ദി പറയുകയും അദ്ദേഹത്തിന്റെ നിയോഗങ്ങൾക്കായി പ്രത്യേക പ്രാർഥനകൾ സമർപ്പിക്കുകയും ചെയ്യാം. സർവോപരി, സുവിശേഷ സൗഭാഗ്യങ്ങളെ ജീവിതപ്രമാണങ്ങളാക്കിയും പരസ്നേഹപ്രവൃത്തികളെ ക്രിസ്തീയ ദൗത്യത്തിന്റെ ഭാഗമാക്കിയും വിശുദ്ധിയിലും സന്തോഷത്തിലും സുവിശേഷസാക്ഷികളാകാൻ നമുക്കു പരിശ്രമിക്കാം.