കോതമംഗലം ചെറിയപള്ളി തർക്കം; വിധി പുനഃപരിശോധിക്കണം: ജോസ് തെറ്റയിൽ
Thursday, December 12, 2019 12:24 AM IST
കോതമംഗലം: സഭാക്കേസിൽ നിയമ സാങ്കേതികത്വം മാത്രം നോക്കാതെ യാഥാർഥ്യവും പ്രായോഗികതയും ഉൾക്കൊണ്ടുള്ള വിധി ഉണ്ടാകാൻ സുപ്രീംകോടതി കേസ് പുനഃപരിശോധനയ്ക്ക് എടുക്കണമെന്ന് മുൻ മന്ത്രി ജോസ് തെറ്റയിൽ.
കോതമംഗലം മാർത്തോമ്മ ചെറിയപള്ളി സംരക്ഷിക്കുന്നതിനായി മതമൈത്രി സംരക്ഷണ സമിതി പള്ളി അങ്കണത്തിൽ നടത്തിവരുന്ന രാപ്പകൽ റിലേ സത്യാഗ്രഹത്തിന്റെ ഏഴാം ദിവസത്തെ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ബഹുഭൂരിപക്ഷം വരുന്ന യാക്കോബായ വിശ്വാസികളിൽനിന്നു നിയമ സാങ്കേതികത്വത്തിന്റെ പേരിൽ പള്ളികൾ പിടിച്ചെടുത്തിട്ട് ആരാധനയ്ക്ക് ആളില്ലാതെ അടച്ചുപൂട്ടിയിടുന്ന സ്ഥിതി ആശാസ്യമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അശമന്നൂർ പഞ്ചായത്ത് പ്രസിഡന്റ് എൻ.എം. സലിം അധ്യക്ഷത വഹിച്ചു. കെ.പി. വർഗീസ്, പ്രഫ. ബേബി എം. വർഗീസ്, ബേസിൽ പോൾ, ബിന്ദു നാരായണൻ, പി.ഒ. ജെയിംസ്, ഹർണിത്ത് ബേബി, എം.പി. ശിവൻ, വി.കെ. സുനിൽ, മാത്യു പനയ്ക്കൽ, ടോമി ജോസഫ് മേയ്ക്കമാലിൽ, തന്പി ചാമക്കാട്ട്, ഫാ. ബേബി ജോണ് പാണ്ടാലിൽ, ഫാ. എൽദോസ് കൗങ്ങുംപിള്ളിൽ, ഫാ. എൽദോമോൻ ജോയി നടപ്പേൽ, ഏലിയാസ് തൊണ്ടുങ്കൽ, വിനോയി കുര്യൻ, എം.എ. എൽദോസ്, എ.ജി. ജോർജ്, പി.ടി. ജോണി, എബി ഏബ്രഹാം, ബിനോയ് മണ്ണഞ്ചേരി, ബാബു പോൾ, എൻ.സി. ചെറിയാൻ എന്നിവർ പ്രസംഗിച്ചു.