പൗരത്വ പട്ടിക കേരളത്തിൽ നടപ്പാക്കരുത്: ഐഎൻഎൽ
Tuesday, December 10, 2019 12:30 AM IST
കോഴിക്കോട്: രാജ്യത്തിന്റെ മുഖം ലോകത്തിനുമുന്നിൽ വികൃതമാക്കുന്ന ദേശീയ പൗരത്വപട്ടിക സംസ്ഥാനസർക്കാർ കേരളത്തിൽ നടപ്പാക്കരുതെന്ന് ഐഎൻഎൻ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
ബംഗാളിൽ ഇതു നടപ്പാക്കില്ലെന്നു തീരുമാനിച്ച മുഖ്യമന്ത്രി മമത ബാനർജിയുടെ മാതൃക കേരളവും പിന്തുടരണം. പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരേ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി അടുത്തമാസം രാജ്ഭവൻ മാർച്ച് നടത്തും. റിപ്പബ്ളിക് ദിനമായ ജനുവരി 26ന് സംസ്ഥാന വ്യാപകമായി ഭരണഘടനാ സംരക്ഷണദിനമായി ആചരിക്കും. അന്ന് ആയിരം ഇടങ്ങളിൽ ജനകീയ സദസുകൾ സംഘടിപ്പിക്കുമെന്നും അവർ അറിയിച്ചു.
രാജ്യമൊട്ടാകെ ദേശീയ പൗരത്വ പട്ടിക നടപ്പാക്കാനും മുസ്ലിംകൾ ഒഴികെയുള്ള കുടിയേറ്റക്കാർക്ക് പൗരത്വം ദാനംചെയ്യുന്നതിന് പൗരത്വ നിയമ ഭേദഗതി കൊണ്ടുവരാനുമുള്ള മോദി സർക്കാരിന്റെ തീരുമാനം സങ്കുചിത-വർഗീയ നീക്കമാണ്.
നവംബർ ഒൻപതിനുണ്ടായ അയോധ്യാ കേസിന്റെ വിധിയിൽ വൻ അപാകതകൾ കയറിക്കൂടിയിട്ടുണ്ട്. വിധിക്കെതിരേ ദേശീയ നേതൃത്വവുമായി ചേർന്ന് ഇന്റർവിനിംഗ് പെറ്റീഷൻ ( ഇടപെടൽ ഹർജി) നൽകാൻ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ നീതി പുലരുംവരെ നിയമത്തിന്റെ വഴികൾ തേടും. കോടതി വാഗ്ദാനം ചെയ്ത അഞ്ചേക്കർ സ്ഥലം നിരസിക്കണമെന്നു സുന്നി വഖഫ് ബോർഡിനോട് ആവശ്യപ്പെടുമെന്നും നേതാക്കൾ അറിയിച്ചു.