ഷഹല ഷെറിന്റെ വിയോഗം : പ്രതിഷേധം ശക്തം
Saturday, November 23, 2019 12:20 AM IST
സുൽത്താൻ ബത്തേരി: ഷഹല ഷെറിൻ മരിച്ചതിൽ സ്കൂൾ അധികൃതരുടെ ഭാഗത്ത് വീഴ്ചയുണ്ടായതായി വിദ്യാർഥികൾ. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിൽ ഉദാസീനത കാട്ടിയെന്നാണ് കുട്ടികളുടെ ആരോപണം.
കുറ്റക്കാരായ അധ്യാപകരെ പുറത്താക്കുക, ഇവർക്കെതിരേ ബോധപൂർവമല്ലാത്ത നരഹത്യക്കു കേസെടുക്കുക, പിടിഎ പിരിച്ചുവിടുക, വിദ്യാലയത്തിലെ പഴക്കംചെന്ന കെട്ടിടങ്ങൾ പൊളിച്ചുപണിയുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. എല്ലാ വിദ്യാർഥി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തിലാണ് പ്രക്ഷോഭമെന്നു സമരസമിതി കണ്‍വീനർ ബാനു സാബു പറഞ്ഞു.
കെഎസ്യു ജില്ലാ പ്രസിഡന്റ് അമൽ ജോയ്, എസ്എഫ്ഐ ജില്ലാ സെക്രട്ടറി ടി.പി. ഋഷഭ്, എംഎസ്എഫ്, എബിവിപി നേതാക്കൾ തുടങ്ങിയവർ സ്കൂളിലെത്തി വിദ്യാർഥി സമരത്തിനു ഐക്യദാർഢ്യം പ്രഖ്യാപിച്ചു. പഠിപ്പു മുടക്കിയുള്ള സമരം തുടരുമെന്നു സ്കൂൾ ചെയർമാൻ അഭയ് ജോസ് പറഞ്ഞു.