മൂന്നു വിദ്യാർഥികളെ മർദിച്ച സംഭവം: പ്രധാനാധ്യാപകനെതിരേ കേസെടുത്തു
Friday, November 22, 2019 11:09 PM IST
കോതമംഗലം: നെല്ലിക്കുഴി ഗവ. ഹൈസ്കൂളിൽ മൂന്നു വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ പ്രധാനധ്യാപകനെതിരേ പോലീസ് കേസെടുത്തു. മർദനത്തിനിരയായ 13 വയസുള്ള കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്നു പോലീസ് പറഞ്ഞു. നെല്ലിക്കുഴി ഗവ. ഹൈസ്കൂൾ പ്രധാനനധ്യാപകൻ കണ്ണൂർ സ്വദേശി സി. സുധാകരനെതിരേയാണ് കേസ്.
ബുധനാഴ്ച രാവിലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുട്ടികളെ സംരക്ഷിക്കേണ്ട അധ്യാപകൻ ഉത്തരവാദിത്വം ലംഘിച്ചതിനും മർദ്ദിച്ചതിനുമാണ് കേസ്. ആശുപത്രിയിൽനിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് ഇന്നലെ വൈകുന്നേരം കുട്ടികളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി.
യോഗാ ക്ലാസിൽ എത്താൻ താമസിച്ചതിനെ ചോദ്യം ചെയ്ത് മർദിച്ചതായാണ് പരാതി. കേസുമായി മുന്നോട്ടുപോകാനുള്ള രക്ഷിതാക്കളുടെ തീരുമാനത്തിന് പിടിഎ പിന്തുണ നൽകി. സംഭവം വിവാദമായതോടെ പ്രധാനാധ്യാപകൻ സ്ഥലത്തില്ലെന്നാണ് വിവരം. ചൈൽഡ് ലൈൻ കേസ് രജിസ്റ്റർ ചെയ്തതായി കുട്ടികളുടെ രക്ഷിതാക്കളെ അറിയിച്ചു.